Wednesday, September 22, 2021
Home Newsfeed ജിന്ന് ബാധിച്ചെന്ന് ആരോപിച്ച് പ്രവാസി യുവാവ് കാമുകിയെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു

ജിന്ന് ബാധിച്ചെന്ന് ആരോപിച്ച് പ്രവാസി യുവാവ് കാമുകിയെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു

ദുബൈ:ദുബയിലെ അപാര്‍ട്ട്‌മെന്റില്‍ പ്രവാസി യുവാവ് കാമുകിയെ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നു. ബാധ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നവകാശപ്പെട്ടാണ് കൊലപാതകം. കേസില്‍ വാദംകേട്ട ദുബൈ അപ്പീല്‍ കോടതി കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശരിവച്ചു. അന്തിമ വിധിക്കായി കേസ് ദുബൈ സെസേഷന്‍ കോടതിക്ക് കൈമാറി. തടവ് ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാട്കടത്തും.

മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തമ്മില്‍ തെറ്റിയത്. പ്രതിക്ക് മറ്റ് യുവതികളുമായി ബന്ധമുണ്ടെന്നും എല്ലാ സമയവും തന്നെ പിന്തുടരുന്നുവെന്നും ആരോപിച്ചായിരുന്നു തര്‍ക്കം. ഇതേ തുടര്‍ന്ന് യുവതി ബന്ധം വേര്‍പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, കാമുകിക്ക് ജിന്ന് ബാധിച്ചതായും തനിക്ക് മാത്രമേ അവളെ രക്ഷിക്കാന്‍ കഴിയൂ എന്നും പ്രതി സുഹൃത്തുക്കളോടെല്ലാം പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു.

സംഭവ ദിവസം മയക്ക്മരുന്ന് കഴിച്ച് പ്രതി യുവതിയുടെ ദുബൈ അല്‍ ബര്‍ഷ ഏരിയയിലുള്ള അപാര്‍ട്ട്‌മെന്റില്‍ എത്തി. ശാരീരിക മര്‍ദ്ദനത്തിന് ശേഷം ബാത്ത്ടബ്ബില്‍ മുക്കിക്കൊല്ലുകയും ചെയ്തു. അഞ്ച് മണിക്കൂറിന് ശേഷം മൃതദേഹം ബാത്ത്ടബ്ബില്‍ നിന്ന് പുറത്തെടുത്ത് ആംബുലന്‍സ് വിളിച്ചുവരുത്തി. യുവതി ആത്മഹത്യ ചെയ്‌തെന്നാണ് അധികൃതരോട് പറഞ്ഞത്.

സംഭവ ദിവസം രാത്രി ഇവരുടെ മുറിയില്‍ നിന്ന് അലര്‍ച്ചയും ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും കേട്ടതായി അയല്‍വാസി കോടതിയില്‍ സാക്ഷിമൊഴി നല്‍കി. പാതിരാത്രിയോടെ, യുവതി തന്നെ കൊല്ലരുതെന്ന് നിലവിളിക്കുന്നതും കേട്ടിരുന്നു.

യുവതിയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ബാധ ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണെന്നായിരുന്നു പ്രതിയുടെ മൊഴിയെന്ന് പോലിസ് അറിയിച്ചു. അസാധാരണ രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റം. ജിന്ന് ഒഴിപ്പിക്കുന്നതിന്റെ വീഡിയോ കണ്ട് അത് പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും പ്രതി പോലിസിനോട് പറഞ്ഞു.

Most Popular