ദുബൈ: ഫെബ്രുവരി ആദ്യം മുതല്‍ ദുബൈയില്‍ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ റമദാന് ആരംഭിക്കുന്നതുവരെ നീട്ടുമെന്ന് എമിറേറ്റ് അധികൃതര്‍ ഇന്നലെ അറിയിച്ചു. ഏപ്രിൽ മധ്യത്തിൽ വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് ദുബൈയിലെ ദുരന്തനിവാരണ സമിതിയുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ റമദാൻ വരെ തുടരാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽമക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന ദുബൈ ദുരന്ത നിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്.
പബ്ബുകള്‍, ബാറുകള്‍ അടയ്ക്കുന്നതാണ്. സിനിമാ, വിനോദ, കായിക വേദികള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ പരിപാടികള്‍ പരമാവധി ശേഷിയുടെ 50 ശതമാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതോടൊപ്പം ഷോപ്പിംഗ് മാളുകളില്‍ സന്ദര്‍ശകരെ അനുവദിക്കും. ഹോട്ടല്‍ സ്ഥാപനങ്ങളിലെയും നീന്തല്‍ക്കുളങ്ങളിലെയും ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകളിലെയും അതിഥികളെ മൊത്തം ശേഷിയുടെ 70% ആയി പരിമിതപ്പെടുത്തും. അതേസമയം റെസ്റ്റോറന്റുകളും കഫേകളും പുലര്‍ച്ചെ 1 മണിയോടെ അടയ്ക്കേണ്ടതാണ്.