Friday, June 25, 2021
Home Gulf UAE ശൈത്യകാലം ആഘോഷമാകുമ്പോള്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്ക് നടപടി ശക്തമാക്കി ദുബൈ

ശൈത്യകാലം ആഘോഷമാകുമ്പോള്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്ക് നടപടി ശക്തമാക്കി ദുബൈ

ദുബൈ: രാജ്യം ശൈത്യകാലത്തേക്ക് കടന്നതോടെ മരുഭൂമിയിലും ഹരിതപ്രദേശങ്ങളിലും ട്രക്കിങ് നടത്തിയും ടെന്റുകളൊരുക്കി താമസിച്ചും സുഖകരമായ കാലാവസ്ഥ ആസ്വദിക്കുകയാണ് മിക്കവരും. ചെറു കൂട്ടങ്ങളായും കുടുംബങ്ങളെ കൂടെക്കൂട്ടിയും എമിറേറ്റുകളിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. കോവിഡ് തീര്‍ത്ത വിലക്കുകള്‍ക്ക് അയവ് വന്നതോടെ, മാസങ്ങളോളം വീടിനകത്ത് അടച്ചിരുന്നതിന്റെ പിരിമുറുക്കം തീര്‍ക്കാനുള്ള തിടുക്കത്തിലാണ് ഏവരും.

ടൂറിസം കേന്ദ്രങ്ങളിലും മരുഭൂമികളിലും ഹരിത പ്രദേശങ്ങളിലുമെത്തുമ്‌ബോള്‍ കൃത്യമായി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം കനത്ത പിഴയയാണ് കാത്തിരിക്കുന്നത്. ക്യാമ്‌ബൊരുക്കുന്നവരും ടെന്റടിച്ച് താമസിക്കുന്നവരും സഞ്ചാരികളും നടത്തുന്ന നിയമലംഘനങ്ങള്‍ തടയാന്‍ ഷാര്‍ജയിലെ എന്‍വയണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റിയും ഷാര്‍ജ മുനിസിപ്പാലിറ്റിയും പരിശോധന ശക്തമാക്കി. പരിസ്ഥിതിനാശം തടയാന്‍ പരിശോധന സംഘങ്ങള്‍ നടത്തുന്ന റെയ്ഡ് തുടരുമെന്ന് ഇ.പി.എ.എ ചെയര്‍പേഴ്സണ്‍ ഹന അല്‍ സുവൈദി പറഞ്ഞു.പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് രണ്ടു മാസത്തിനിടെ 120 താമസക്കാരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് കനത്ത തുക പിഴയായി ഈടാക്കി. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പിക്‌നിക് സംഘത്തിനും ക്യാമ്ബര്‍മാര്‍ക്കും പിഴകള്‍ ചുമത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് ടീമുകള്‍ വര്‍ഷം മുഴുവനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അല്‍ സുവൈദി പറഞ്ഞു. ഭക്ഷണ മാലിന്യങ്ങള്‍ വലിച്ചെറിയുക, ബാര്‍ബിക്യൂ കരി ഉപേക്ഷിക്കുക, പാറകള്‍ നീക്കുക, മരുഭൂമിയിലെ പ്രാചീന പ്രദേശങ്ങള്‍ നശിപ്പിക്കല്‍, സസ്യങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. മരുഭൂമികളില്‍ ക്യാമ്ബുകളൊരുക്കുന്നവര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണമടക്കം മാലിന്യങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍, ബാര്‍ബിക്യൂ തയാറാക്കിയ ശേഷം ഉപേക്ഷിക്കുന്ന കരിമാലിന്യങ്ങള്‍ എന്നിവ പ്രകൃതിക്ക് ദോഷമാണുണ്ടാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ബീച്ചുകളിലും ഹരിത പ്രദേശങ്ങളിലും പാര്‍ക്കുകളിലും ബാര്‍ബിക്യൂ, ഗ്രില്ലിങ് രീതിയില്‍ മാംസം ചുടുന്നതിന് നിരോധനമേര്‍പ്പെടുത്തിയതായി സിവില്‍ ബോഡി അധികൃതര്‍ പറഞ്ഞു. നിയമങ്ങള്‍ ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴയും വര്‍ധിക്കും. എങ്കിലും നിരവധി സന്ദര്‍ശകര്‍ ഇപ്പോഴും നിയമങ്ങള്‍ ലംഘിക്കുന്നുണ്ട്. ഇത് പാരിസ്ഥിതികവും പൊതുജനാരോഗ്യപരവുമായ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഭക്ഷണമടക്കം മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 2,000 ദിര്‍ഹം പിഴ ഈടാക്കും. കൂടാതെ വന്യജീവികളെ വേട്ടയാടുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ 10,000 ദിര്‍ഹം പിഴയും പരിസ്ഥിതി നാശ പ്രവൃത്തികള്‍ക്ക് പിഴ 10,000 ദിര്‍ഹവുമായണ് പിഴ ചുമത്തുക. ഇനി മലിനജലം ഉപയോഗിക്കുകയോ വാഹനങ്ങളില്‍ നിന്ന് മരുഭൂമിയില്‍ എണ്ണ പകരുകയോ ചെയ്താല്‍ 50,000 ദിര്‍ഹം പിഴയുണ്ടാകുന്നതാണ്. അതോടൊപ്പം മൃഗങ്ങളെ മരുഭൂമിയില്‍ സ്വതന്ത്രമായി അഴിച്ചുവിട്ടാല്‍ 1,000 ദിര്‍ഹം പിഴയും ഈടാക്കുന്നതാണ്.

Most Popular