Sunday, September 26, 2021
Home Gulf UAE ദുബൈ കെഎംസിസി ചാര്‍ട്ടര്‍ വിമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍; ടിക്കറ്റ് നിരക്ക് 990 ദിര്‍ഹം

ദുബൈ കെഎംസിസി ചാര്‍ട്ടര്‍ വിമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍; ടിക്കറ്റ് നിരക്ക് 990 ദിര്‍ഹം

ദുബൈ: ദുബൈ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍ പറന്നു തുടങ്ങും. 43 വിമാനങ്ങളില്‍ ആദ്യ മൂന്നെണ്ണം ജൂണ്‍ 11,12 തീയതികളില്‍ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തും. ഓരോ ഇന്‍ഡിഗോ വിമാനത്തിലും 185 വീതം യാത്രക്കാരാണുണ്ടാവുക. 990 ദിര്‍ഹമാണ് ടിക്കറ്റിന് ഈടാക്കുകയെന്ന് ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു. 11ന് ഉച്ചക്ക് 2.55നാണ് ആദ്യ വിമാനം പുറപ്പെടുക.

നിര്‍ധനരായ 10 പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കും. വിമാനയാത്രക്കായി കെഎംസിസിയില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മുന്‍ഗണനാ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചു കൊണ്ട് യാത്രക്കാരെ കണ്ടെത്തുക. 30 വിമാന സര്‍വീസുകള്‍ കണ്ണൂരിലേക്കും 10 എണ്ണം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുമായിരിക്കും പറക്കുക. വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് ഓരോ ജില്ലയിലും അതിന് സൗകര്യമൊരുക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെപിഎ മജീദും പാര്‍ട്ടി ഘടകങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിം എളേറ്റില്‍ വ്യക്തമാക്കി.

വിമാന നിരക്കിന്റെ ഒരു വിഹിതം കെഎംസിസി വഹിക്കുന്നതിനാലാണ് നിരക്ക് കുറക്കാനായതെന്ന് ഇബ്‌റാഹിം എളേറ്റില്‍ അവകാശപ്പെട്ടു. ഭാവി സര്‍വീസുകള്‍ക്കായി എമിറേറ്റ്‌സിന്റെ വലിയ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അവ ലഭിച്ചാല്‍ ഒരേ സമയം 300 പേരെ നാട്ടിലെത്തിക്കാനാവും.

കോവിഡ് മൂലം മരിച്ച പ്രവാസി കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മരിച്ച ഓരോ പ്രവാസികളുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സഹായം നല്‍കണമെന്നും ദുബൈ കെഎംസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി കെ ഇസ്മായില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, എന്‍ കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ പി എ സലാം, ഒ മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍ സംബന്ധിച്ചു.


 

Most Popular