Friday, July 23, 2021
Home Newsfeed ദുബയിലെ തിരക്കേറിയ തെരുവില്‍ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിയെ പോലിസ് സാഹസികമായി കീഴടക്കി

ദുബയിലെ തിരക്കേറിയ തെരുവില്‍ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിയെ പോലിസ് സാഹസികമായി കീഴടക്കി

ദുബൈ: ദുബയിലെ നയിഫില്‍ സുഹൃത്തിനെ കുത്തിവീഴ്ത്തി കത്തിയുമായി ഭീഷണി മുഴക്കിയ അറബ് വംശജനെ പോലിസ് സാഹസികമായി കീഴടക്കി. കൃത്യമായ രീതിയില്‍ ഇടപെട്ട് ജനങ്ങളെ സുരക്ഷിതരാക്കിയ കോര്‍പറല്‍ അബ്ദുല്ല അല്‍ ഹുസൈനി, പോലിസ് ഓഫിസര്‍ അബ്ദുല്ല നൂര്‍ അല്‍ ദീന്‍ എന്നിവരെ ദുബൈ പോലിസ് കമാന്‍ഡര്‍ അഭിനന്ദിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ ഫ്രിജ് മുറാര്‍ ഏരിയയില്‍ പട്രോളിങിന് ഇറങ്ങിയതായിരുന്നു ഉദ്യോഗസ്ഥര്‍. അപ്പോഴാണ് ഒരു ഗ്രോസറി സ്‌റ്റോറിന് സമീപം വലിയ ആള്‍ക്കൂട്ടത്തെ കണ്ടത്. ആള്‍ക്കൂട്ടത്തിന് നടുവില്‍ ചോരയൊലിക്കുന്ന രണ്ട് കത്തികള്‍ കൈയില്‍ പിടിച്ച് അറബ് വംശജന്‍ നില്‍ക്കുന്നുണ്ടായിരുന്നു.

സുഹൃത്തിനെ കുത്തിവീഴ്ത്തിയ ശേഷം, ആരെങ്കിലും അടുത്തു വന്നാല്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് തന്നെ കൂടിനില്‍ക്കുന്നവരാരും അടുക്കാന്‍ തയ്യാറായില്ല. സംഗതിയുടെ ഗൗരവം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ഇരുവശത്തു നിന്നുമായി കുതിച്ചെത്തി പ്രതിയെ കീഴപ്പെടുത്തുകയായിരുന്നു. കത്തിപിടിച്ച് വാങ്ങിയ ശേഷം കൈകള്‍ ബന്ധിച്ചു.

അക്രമിയും സുഹൃത്തും കൂടി ഒരുമിച്ചാണ് ഗ്രോസറിയിലേക്ക് കയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, സുഹൃത്ത് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവെ ഇയാള്‍ പിറകില്‍ നിന്ന് പല തവണ കുത്തുകയായിരുന്നു. ചോര ചീറ്റിയൊഴുകുന്ന നിലയില്‍ സുഹൃത്ത് തറയിലേക്ക് വീണു. ഇത് കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ കത്തി ചൂഴറ്റി ഭീഷണി മുഴുക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ എമര്‍ജന്‍സി വിഭാഗം പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും കുത്തേറ്റയാളെ രക്ഷിക്കാനായില്ല. പ്രതിയെ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന്‍ കൈമാറി.
ALSO WATCH

Most Popular