Saturday, July 24, 2021
Home Gulf UAE ദുബായിലെ റസ്‌റ്റൊറന്റില്‍ വന്‍ സ്‌ഫോടനം; ഷോപ്പുകളും വാഹനങ്ങളും തകര്‍ന്നു

ദുബായിലെ റസ്‌റ്റൊറന്റില്‍ വന്‍ സ്‌ഫോടനം; ഷോപ്പുകളും വാഹനങ്ങളും തകര്‍ന്നു

ദുബൈ: ദുബൈ അല്‍ഖുസൈസ് ഡമാസ്‌കസ് സ്ട്രീറ്റിനടുത്ത് റസ്റ്റൊറന്റില്‍ വന്‍ സ്‌ഫോടനം. റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ഒരു റെസ്റ്റോറന്റിലാണ് ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്ന് പൊട്ടിത്തെറി ഉണ്ടായത്. ആളപായമുണ്ടായതായി റിപോര്‍ട്ടില്ല. സമീപത്തുള്ള രണ്ട് ഷോപ്പുകള്‍, ഒരു ഫാര്‍മസി, സലൂണ്‍, മൂന്ന് കാറുകള്‍ എന്നിവ തകര്‍ന്നു.

പുലര്‍ച്ചെ 4 മണിയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പ്രദേശത്തെ പോലീസ് സ്റ്റേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ഹാലിം അല്‍ ഹാഷിമി പറഞ്ഞു. സംഭവ സമയത്ത് റസ്റ്റോറന്റ് അടച്ചിരുന്നു. ദുബയ് പോലീസ് പട്രോളിംഗ് സംഘം ഉടന്‍ സംഭവസ്ഥലത്തെത്തി. ദുബയ് സിവില്‍ ഡിഫന്‍സുമായി ചേര്‍ന്ന് രണ്ട് നില കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു,

വാതക ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ദുബയിലെ ജനറല്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ക്രിമിനോളജി വകുപ്പിന്റെ ക്രൈം സീന്‍ വകുപ്പ് സൈറ്റില്‍ നിന്ന് ശേഖരിച്ച തെളിവുകള്‍ പഠിക്കുകയും അപകടത്തെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.

റസ്റ്റോറന്റ് ഉടമകളോട് അവരുടെ ഔട്ട്‌ലെറ്റുകളിലെ എല്ലാ സുരക്ഷാ, സംവിധാനങ്ങളും മികച്ച നിലയിലാണെന്ന് ഉറപ്പാക്കണമെന്നും എല്ലാ പൈപ്പുകളിലും ഗ്യാസ് റെഗുലേറ്ററുകളിലും പതിവായി അറ്റകുറ്റപ്പണി പരിശോധന നടത്തണമെന്നും അല്‍ ഹാഷിമി അഭ്യര്‍ത്ഥിച്ചു.

Most Popular