Sunday, September 26, 2021
Home Newsfeed പ്രകൃതി സൗഹൃദ വികസനക്കുതിപ്പിനൊരുങ്ങി ദുബൈ നഗരം; അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍

പ്രകൃതി സൗഹൃദ വികസനക്കുതിപ്പിനൊരുങ്ങി ദുബൈ നഗരം; അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍

ദുബൈ: ദീര്‍ഘകാല ആസൂത്രണത്തില്‍ ദുബൈ നഗരത്തെ പ്രകൃതി സൗഹൃദമായി വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറായി. 20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദുബൈ എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വികസനരേഖ അവതരിപ്പിക്കുന്ന ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുറത്തിറക്കി.

പരിസ്ഥിതിക്കും പ്രകൃതി സമ്പത്തിനും പ്രാധാന്യം നല്‍കുന്ന മാസ്റ്റര്‍ പ്ലാന്‍, ഭാവിയിലെ ജനസംഖ്യ വര്‍ധനവിനെയും വ്യാവസായിക വളര്‍ച്ചയെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ബൃഹത്തായ ആസൂത്രണത്തോടെയാണ് തയാറാക്കിയിരിക്കുന്നത്. നഗരവികസന പദ്ധതിക്കൊപ്പം എമിറേറ്റിലെ സുസ്ഥിര വികസനത്തിനും മെച്ചപ്പെടുത്തലിനും പിന്തുണ നല്‍കാനായി ഒരു നഗര ആസൂത്രണ നിയമവും പുറപ്പെടുവിച്ചിട്ടുണ്ട്.

ദുബൈ എമിറേറ്റിലെ 60 ശതമാനവും പ്രകൃതി സംരക്ഷണമേഖലകളാക്കി മാറ്റും. സാമ്പത്തിക, വിനോദ, വിജ്ഞാന, ടൂറിസം മേഖലകളുടെ ശേഷി പങ്കാളിത്തവും വര്‍ധിപ്പിക്കാനായി ദുബൈയിലെ അഞ്ച് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക നഗര കേന്ദ്രങ്ങള്‍ നിര്‍മിക്കും. വിനോദസഞ്ചാരികളെയും താമസക്കാരെയും ആകര്‍ഷിക്കാനായി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തിയ ടൂറിസം രംഗത്ത് വന്‍വികസനത്തിനാണ് മാസ്റ്റര്‍ പ്ലാനില്‍ പദ്ധതികള്‍ നിര്‍ദേശിച്ചത്.

20 വര്‍ഷത്തിനുള്ളില്‍ 5.8 ദശലക്ഷം പേര്‍ താമസിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദുബൈ നഗരത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമായി മാറ്റുകയാണ് ലക്ഷ്യമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു.

Most Popular