Monday, April 19, 2021
Home Gulf UAE ദുബയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ തേടി ചെന്ന യുവാവിനെ നഗ്നനാക്കി പണം കവര്‍ന്നു

ദുബയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ തേടി ചെന്ന യുവാവിനെ നഗ്നനാക്കി പണം കവര്‍ന്നു

ദുബൈ: ദുബൈയില്‍ ടിന്‍ഡര്‍ ആപ്പ് വഴി പരിചപ്പെട്ട ബ്രസീലിയന്‍ യുവതിയെ തേടി ചെന്ന പ്രവാസിയെ നഗ്നനാക്കി കത്തിമുനയില്‍ നിര്‍ത്തി പണം കവര്‍ന്നു. സ്‌പെയ്‌നില്‍ നിന്നു സന്ദര്‍ശക വിസയിലെത്തിയ 36കാരനെയാണ് സംഘം വലയില്‍ വീഴ്ത്തിയതെന്ന് ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വിചാരണക്കിടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബിസിനസ് ബേ ഏരിയയില്‍ ആയിരുന്നു സംഭവം. സ്പാനിഷ് യുവാവ് യുവതിയുടെ അപാര്‍ട്ട്‌മെന്റില്‍ എത്തിയ ഉടനെ മൂന്ന് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘം അദ്ദേഹത്തെ അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കത്തിമുനയില്‍ നിര്‍ത്തി നഗ്നനാക്കി. ക്രെഡിറ്റ് കാര്‍ഡ് തട്ടിയെടുത്ത് 19,552 ദിര്‍ഹമിന് വിവിധ പര്‍ച്ചേസുകള്‍ നടത്തി.

”ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്നെ മര്‍ദ്ദിക്കുകയും നഗ്നനാക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്റെ ക്രെഡിറ്റ് കാര്‍ഡ് തട്ടിയെടുത്തു. പരാതി നല്‍കിയാല്‍ ഞാന്‍ യുവതിയെ ആക്രമിച്ചുവെന്ന് കാണിച്ച് കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി”- യുവാവ് കോടതിയോട് പറഞ്ഞു.

യുവാവിനെ ഒരു ദിവസം മുഴുവന്‍ അപാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് പിറ്റേന്ന് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ബര്‍ദുബൈ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തെ തുടര്‍ന്ന് പോലിസ് 32കാരിയായ നൈജീരിയന്‍ യുവതിയെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.

Most Popular