
ദുബായിലേക്ക് അവധിക്കാലയാത്ര നടത്തുന്നവര്‍ക്ക് എമിറേറ്റ്സ് എയര്‍ലൈന്റെ വൻ ഓഫർ; ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ സൗജന്യ താമസം
ദുബായിലേക്ക് അവധിക്കാലയാത്ര നടത്തുന്നവര്‍ക്ക് എമിറേറ്റ്സ് എയര്‍ലൈന്റെ വക സന്തോവാര്‍ത്ത. ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്താണ് എമിറേറ്റ്സ് എയര്‍ലൈന്‍ സഞ്ചാരികളെ ഞെട്ടിച്ചിരിക്കുന്നത്. ഡിസംബര്‍ 6 മുതല്‍ 2021 ഫെബ്രുവരി 28 വരെയുള്ള യാത്രകളില്‍ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ദുബായ് ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
എമിറേറ്റ്സ് എയര്‍ലൈനിന്റെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഒരു രാത്രി സൗജന്യ താമസം ലഭിക്കും. എന്നാല്‍ ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ബിസിനസ്സ് ക്ലാസ് യാത്രക്കാര്‍ക്ക് ജെഡബ്ല്യു മാരിയറ്റില്‍ രണ്ടു രാത്രികള്‍ സൗജന്യമായി താമസിക്കാം. സ്വന്തമായി ഷോപ്പിങ് ഗലേറിയ ഉള്ളതു കൂടാതെ ദുബായ് മാള്‍, ബുര്‍ജ് ഖലീഫ, ദുബായ് ഓപ്പറ തുടങ്ങിയ ടൂറിസ്റ്റ് ആകര്ഷണങ്ങള് സമീപത്തു തന്നെയാണ് സ്ഥിതിചെയ്യുന്നത് എന്നതും യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യമാകും.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യാത്രികര്‍ക്ക് മള്‍ട്ടി – റിസ്ക് ട്രാവല്‍ ഇന്‍ഷുറന്‍സും കോവിഡ് 19 കവറും എയര്‍ലൈന്‍ നല്‍കുന്നുണ്ട്. യാത്രാ തീയതി മാറിയാല്‍ ടിക്കറ്റിന്റെ സാധുത രണ്ട് വര്‍ഷം വരെ നീട്ടാനും ടിക്കറ്റ് സൗജന്യമായി വീണ്ടും ബുക്ക് ചെയ്യാനും അവസരമുണ്ട്.സൗജന്യ താമസം ലഭ്യമാക്കുന്നതിനായി ഉറപ്പായ ടിക്കറ്റ് നമ്പറിനൊപ്പം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. സഹയാത്രികരുടെ വിവരങ്ങളും ഫോണ്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങളും ഒപ്പം നല്‍കണം. യാത്ര ചെയ്യുന്ന സഞ്ചാരികള്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യക്തമായി തന്നെ എമിറേറ്റ്സ് സൈറ്റില്‍ പറഞ്ഞിട്ടുണ്ട്. ബുക്ക് ചെയ്യുന്നതിന് മുന്‍പ് ഈ നിബന്ധനകള്‍ വായിച്ച് വ്യക്തത വരുത്തേണ്ടതാണ്. എന്നിട്ട് മാത്രമേ യാത്ര പ്ലാന്‍ ചെയ്യാവൂ.
ചില നിബന്ധനകള്‍
- എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസില്‍ ഒരു കോംപ്ലിമെന്ററി നൈറ്റ് സ്റ്റേ, ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസില്‍ രണ്ടു രാത്രികള്‍ ലഭിക്കും. ലഭ്യതയ്ക്ക് വിധേയമായി അടുത്ത റൂം വിഭാഗത്തിലേക്ക് അപ്ഗ്രേഡുചെയ്യാനും പറ്റും. ഹോട്ടല്‍ മുറി ലഭ്യമല്ലെങ്കില്‍ അതേ സ്റ്റാര്‍ റേറ്റിങ്ങുള്ള മറ്റൊരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു നല്‍കും.
- മിക്സഡ് ക്ലാസ് (ഇക്കോണമി ആന്‍ഡ് ബിസിനസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്) നിരക്കുകളില്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ഇക്കോണമി ക്ലാസ് താമസത്തിന് അര്‍ഹതയുണ്ട്. ഫ്ലൈറ്റ് എത്തിച്ചേരുന്ന തീയതിയിലേക്ക് വേണ്ടിയാണ് കോംപ്ലിമെന്ററി സ്റ്റേ ബുക്ക് ചെയ്യുന്നത്.
- ഈ പ്രത്യേക ഹോട്ടല്‍ ഓഫര്‍ ലഭിക്കാനായി എത്തിച്ചേരുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും ബുക്കിങ് നടത്തിയിരിക്കണം. ശേഷം, അടുത്ത 72 മണിക്കൂറിനുള്ളില്‍ ഹോട്ടല്‍ സ്ഥിരീകരണത്തോടുകൂടിയ ഇമെയില്‍ യാത്രക്കാരന് ലഭിക്കും.
- എമിറേറ്റ്സ് ഫ്ലൈറ്റ് ടിക്കറ്റുകള്‍ എല്ലായ്പ്പോഴും ലഭ്യതയ്ക്കും എമിറേറ്റ്സ് നിബന്ധനകള്‍ക്കും എമിറേറ്റ്സ് വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന ടിക്കറ്റ് വ്യവസ്ഥകള്‍ക്കും വിധേയമാണ്.
- എമിറേറ്റ്സ് സ്കൈവാര്‍ഡ്സ് മൈല്സോ മറ്റ് റിഡംപ്ഷന് ഓഫറുകളോ ഉപയോഗിച്ച് പൂര്‍ണ്ണമായും റിഡീം ചെയ്ത് എടുത്ത ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കില്ല.
- ഓഫര്‍ വേണ്ടവര്‍ മടക്കയാത്രക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ കൂടി വാങ്ങിയിരിക്കണം. വണ്‍വേ ഫ്ലൈറ്റ് ടിക്കറ്റുകള്‍, അന്തിമ ലക്ഷ്യസ്ഥാനം ദുബായ്ക്ക് പുറത്തേക്കുള്ള ടിക്കറ്റുകള്‍, ദുബായ് യാത്രക്കാരെ എത്തിക്കുന്നവ, ദുബായില്‍ സ്റ്റോപ്പ്ഓവര്‍ ഉള്ള ടിക്കറ്റുകള്‍ എന്നിവ ഈ ഓഫറിന് അര്‍ഹമല്ല. വ്യവസായ കിഴിവുള്ള ടിക്കറ്റുകളിലോ ഗ്രൂപ്പ് ഡിസ്കൗണ്ട് ടിക്കറ്റുകളിലോ ഓഫര്‍ ബാധകമല്ല.
അതേസമയം, ദുബായ് ലോകത്തെ ഏറ്റവും ആകര്‍ഷകമായ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണെന്നും വിവിധ രാജ്യങ്ങളില്‍,പ്രത്യേകിച്ച് യൂറോപ്പില്‍ നിന്നും ദുബായിലേക്കുള്ള ബുക്കിങ്ങുകളില്‍ സ്ഥിരമായ വളര്‍ച്ച ദൃശ്യമാകുന്നതായും എമിറേറ്റ്സിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അദ്നാന് കാസിം പറഞ്ഞു. യാത്രയുടെ മാന്ത്രികതയെ പുനരുജ്ജീവിപ്പിക്കാനും ശൈത്യകാല ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദുബായിയെ മുന്നിരയിലെത്തിക്കാനുമാണ് ഈ പുതിയ കാംപെയ്നിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം, 2021 ലേക്ക് കടക്കുമ്പോള്‍ പുതിയ സൗകര്യങ്ങളും ആകര്‍ഷണങ്ങളും ആരംഭിക്കുന്നതിലൂടെ ബിസിനസ്, വിനോദ സന്ദര്‍ശകര്‍ക്കായുള്ള വാഗ്ദാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ, ലോകോത്തര കോണ്‍ഫറന്‍സുകള്‍, ഇവന്റുകള്‍, ഉത്സവങ്ങള്‍, ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ തുടരുമെന്ന് ദുബായിലെ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് (ദുബായ് ടൂറിസം) വിഭാഗം ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സയീദ് അല്‍മാരി പറഞ്ഞു. ശൈത്യകാലത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനമായി ദുബായിയെ മാറ്റുന്നതിനായി, തന്ത്രപ്രധാന പങ്കാളിയായ എമിറേറ്റ്സിന്റെ ഏറ്റവും പുതിയ ആഗോള കാമ്പെയ്നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.