Tuesday, June 15, 2021
Home Gulf UAE എപ്ലസ് നേടിയ മകനുള്ള ആ സമ്മാനപ്പൊതി അനാഥം; സന്തോഷം പങ്കുവയ്ക്കാന്‍ ഓടിയെത്താന്‍ കൊതിച്ച പിതാവ് വിമാനത്താവളത്തില്‍...

എപ്ലസ് നേടിയ മകനുള്ള ആ സമ്മാനപ്പൊതി അനാഥം; സന്തോഷം പങ്കുവയ്ക്കാന്‍ ഓടിയെത്താന്‍ കൊതിച്ച പിതാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

ദുബൈ: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടതോടെ സ്‌നേഹസമ്മാനവുമായി ഓടിയെത്താന്‍ ശ്രമിച്ച പിതാവിന്റെ ചേതനയറ്റ ശരീരം പോലും മകന് കാണാനാവില്ല.

കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മഞ്ചക്കലാണ് കണ്ണീരോര്‍മയായി മാറിയത്. പരീക്ഷയില്‍ വിജയിച്ച മകന്‍ ധനൂപിന് വാങ്ങിവെച്ച സമ്മാനം ഉള്‍പ്പെടെയുള്ള ബാഗേജ് കണ്ണീരോര്‍മയായി റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ തന്നെയുണ്ട്. കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് പുറപ്പെടാന്‍ എത്തിയതായിരുന്നു പവിത്രന്‍. കോവിഡ് ടെസ്റ്റിന് കാത്തിരിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ട പവിത്രന്‍ കുഴഞ്ഞുവീണു മരിച്ചത്.

അജ്മാനിലെ ഒരു ജ്വല്ലറിക്ക് ചുവടെ സ്വര്‍ണാഭരണ നിര്‍മാണ ജോലിക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നു മാസത്തോളമായി ജോലിയില്ല. മകന്‍ ധനൂപിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതില്‍ ഏറെ സന്തോഷത്തിലായിരുന്നു പവിത്രന്‍.

pavithran baggage

കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം റാസല്‍ഖൈമയില്‍ തന്നെ സംസ്‌കരിച്ചു. പ്രിയപ്പെട്ട മകന് അച്ഛന്‍ അവസാനമായി വാങ്ങിവെച്ച സമ്മാനപ്പൊതി ഉള്‍പ്പെട്ട ബാഗേജ് സ്‌പൈസ് ജെറ്റ് കമ്പനി നാളെ നാട്ടിലെത്തിക്കും.

മകന്റെ എസ്എസ്എല്‍സി പരീക്ഷാഫലം വന്ന ദിവസം തന്നെ നാട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കുന്നതിൽ പവിത്രൻ ഏറെ സന്തോഷവാനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മകൻ ഏറെ കാലമായി ആവശ്യപ്പെടുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. പിന്നീട്, സുഹൃത്തുക്കൾ പലരും പവിത്രനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. പിന്നീടാണ് മരിച്ചവിവരം അറിയുന്നത്. സുമിത്രയാണ് ഭാര്യ. ധനുഷ,  ധമന്യ എന്നിവര്‍ മറ്റു മക്കളാണ്. സഹോദരങ്ങൾ: രവീന്ദ്രന്‍, ശോഭ.

പവിത്രന്റെ മകന്‍റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ഷംഷീർ വയലിൽ

പവിത്രന്റെ മകൻ ധനൂപിന്റെ തുടർ പഠന ചെലവ് ഏറ്റെടുത്തതായി വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ അറിയിച്ചു. പ്ലസ്‌ടു, ബിരുദ പഠന ചെലവുകളാണ് ഡോ.ഷംഷീർ വഹിക്കുക. അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും.  അത്താണി നഷ്ടമായി ദുരിതത്തിലായ കുടുംബത്തിന് പിന്തുണയുമായി ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ ഡോ.ഷംഷീർ എത്തിയത് യാദൃച്ഛികം.

Most Popular