Monday, June 21, 2021
Home Ediotrs Pick ഒരേ വിമാനത്തില്‍ തൊഴില്‍ തേടി പ്രവാസ ലോകത്തെത്തി; ചേതനയറ്റ ശരീരങ്ങള്‍ ഒരേ വിമാനത്തില്‍ മടങ്ങി

ഒരേ വിമാനത്തില്‍ തൊഴില്‍ തേടി പ്രവാസ ലോകത്തെത്തി; ചേതനയറ്റ ശരീരങ്ങള്‍ ഒരേ വിമാനത്തില്‍ മടങ്ങി

ദുബൈ: മരണത്തിലും വേര്‍പിരിയാത്ത ആ സുഹൃത്തുകളുടെ നാട്ടിലേക്കുള്ള മടക്കം ആരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. ഒരുമിച്ച് കളിച്ച് വളര്‍ന്ന് ഒരേ വിമാനത്തില്‍ തൊഴില്‍ തേടി പ്രവാസ മണ്ണിലെത്തിയ അവര്‍ മരിച്ച് മടങ്ങിയതും ഒരേ വിമാനത്തില്‍. മലപ്പുറം മഞ്ചേരി സ്വദേശികളായ ശരത്തും മനീഷുമാണ് മരണത്തിലും ഒരുമിച്ച് യാത്ര ചെയ്ത ഈ സുഹൃത്തുക്കള്‍.

യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് ഇവരുടെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
കഴിഞ്ഞയാഴ്ച ഖോര്‍ഫക്കാന്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ സുഹൃത്തുക്കളുടെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു.

ഷാര്‍ജയിലെ മുവൈല നാഷനല്‍ പെയിന്റ്‌സിന് സമീപമാണ് മനീഷ് താമസിക്കുന്നത്. പിതാവുമായി ചേര്‍ന്ന് സ്വന്തമായി ബിസ്സിനസ്സ് നടത്തുകയായിരുന്നു. കമ്പനിയുടെ ആവശ്യത്തിനായി അജ്മാനില്‍ നിന്നു റാസല്‍ ഖൈമ ഭാഗത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ പിന്നില്‍ നിന്നു മറ്റൊരു വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

മനീഷിന് മൂന്ന് മാസം പ്രായമുളള ഒരു കുട്ടി ഉണ്ട്. ഭാര്യ നിമിത. നാട്ടിലുളള പിതാവ് വന്നതിന് ശേഷം നാട്ടിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു മനീഷ്. ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് കാരണം പിതാവിന്റെ യാത്ര മുടങ്ങുകയായിരുന്നു. പ്രവാസ ലോകത്തെത്തിയ ശേഷം പിറന്ന തന്റെ കുഞ്ഞിനെ ആദ്യമായി ഒരു നോക്ക് കാണാനുള്ള മോഹവുമായി നാട്ടിലേക്ക് പോകാനിരിക്കെയാണ് മനീഷിനെ മരണം തട്ടിയെടുത്തത്.

ഒരു ഫാര്‍മസിയില്‍ അക്കൗണ്ടായി ജോലി ചെയ്യുകയായിരുന്നു ശരത്. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകനാണ്. അടുത്ത കാലത്താണ് ശരത്തിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗോപിക.
ALSO WATCH

Most Popular