അല്‍ഐന്‍: മോര്‍ച്ചറിയിലുള്ള നാലു വയസുള്ള മകന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവാന്‍ അധികൃതരുടെ കനിവ് കാത്ത് മലയാളി കുടുംബം. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്-ദിവ്യ ദമ്പതികളുടെ മകന് വൈഷ്ണവ് കൃഷ്ണദാസിന്റെ മൃതദേഹമാണ് ലോക് ഡൗണ്‍ കാരണം കുടുങ്ങിക്കിടക്കുന്നത്.
രക്താര്‍ബുദം ബാധിച്ച് മരിച്ച മകന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ അധികാരികളുടെ വാതിലുകള്‍ മുഴുവന്‍ മുട്ടിയെങ്കിലും തുറന്നില്ലെന്നു കൃഷ്ണദാസ് പറഞ്ഞു. ഈ മാസം ഏഴിന് ആരംഭിച്ച പ്രത്യേക വിമാന സര്‍വീസില്‍ പോകാനായി ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ ടിക്കറ്റ് ലഭിച്ചിട്ടില്ല. മകന്റെ ചേതനയറ്റ ശരീരം എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോയി മതാചാരപ്രകാരം സംസ്കരിക്കണമെന്നാണ് ആഗ്രഹം.
15 ദിവസം മുന്‍പാണ് വൈഷ്ണവിന് രക്താര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അല്‍ തവാം ആശുപത്രിയില്‍ ചികിത്സയാരംഭിച്ചു. എന്നാല്‍, കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നായിരുന്നു മരണം. ദുബയില്‍ നിന്ന് മൃതദേഹങ്ങള്‍ ചരക്കു വിമാനങ്ങളില്‍ കൊണ്ടുപോകുന്നതറിഞ്ഞ് അതിനുള്ള ശ്രമം നടത്തിയെങ്കിലും നടന്നില്ല.