Sunday, July 25, 2021
Home Newsfeed പൊതു വൈഫൈ നെറ്റ്​വര്‍ക്കുകള്‍ ഉപയോഗിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്

പൊതു വൈഫൈ നെറ്റ്​വര്‍ക്കുകള്‍ ഉപയോഗിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്

അബുദാബി : മൊബൈല്‍ ഉപകരണങ്ങള്‍, ഇ-മെയിലുകള്‍, ഡാറ്റ എന്നിവക്കെതിരെയുള്ള അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ പൊതു വൈഫൈ ഉപയോഗിക്കുന്നതിനെതിരെ അബൂദബി ഡിജിറ്റല്‍ അതോറിറ്റി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഹാക്കര്‍മാര്‍ പൊതു നെറ്റ്​വര്‍ക്കുകള്‍ ഉപയോഗിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ വി.പി.എന്‍ ഇന്‍സ്​റ്റാള്‍ ചെയ്​തിട്ടുണ്ടെങ്കിലും ഹാക്ക് ചെയ്യപ്പെടാം.

വിമാനത്താവളങ്ങള്‍, ഷോപ്പിങ്​ മാളുകള്‍, റസ്​റ്റാറന്‍റുകള്‍, ജിംനേഷ്യം, ഹോട്ടല്‍ മുറികള്‍, കോഫി ഷോപ്പുകള്‍, ലൈബ്രറികള്‍, പൊതുഗതാഗതം, യു.എ.ഇയിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാണ്. ലോഗിന്‍ ചെയ്യാന്‍ പാസ്​വേഡ് ഉപയോഗിച്ചാലും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമാണെന്ന് കരുതരുത്. ഹാക്കര്‍മാര്‍ വലവിരിച്ച്‌ കാത്തിരിക്കുന്നതറിയാതെ പൊതു വൈഫൈ ഉപയോഗിച്ചാല്‍ തട്ടിപ്പിനിരയാകാം. ചില പൊതു വൈഫൈ സ്‌പോട്ടുകളില്‍ എന്‍ക്രിപ്റ്റ് ചെയ്യാത്ത നെറ്റ്​വര്‍ക്കുകളുമുണ്ട്. സൈബര്‍ കുറ്റവാളികള്‍ ഇതുപയോഗിച്ച്‌ ഉപയോക്താക്കളെ കബളിപ്പിക്കും.

ഉപയോക്താക്കള്‍ സോഫ്റ്റ്‌വെയറുകളും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അബൂദബി ഡിജിറ്റല്‍ അതോറിറ്റി നിര്‍ദേശിച്ചു. മൊബൈല്‍ ആപ്ലിക്കേഷനുകളും ഓപറേറ്റിങ് സിസ്​റ്റവും അപ്ഡേറ്റ് ചെയ്യുന്നത് യാത്രയില്‍ മികച്ച സുരക്ഷ ഉറപ്പാക്കും.

പൊതു വൈഫൈ ഉപയോഗിച്ച്‌ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനില്‍ ഒരു പണമിടപാടുകളും നടത്തരുത്. പൊതു വൈഫൈ ഉപയോഗിക്കുമ്ബോള്‍ ഇ-മെയില്‍, എസ്.എം.എസ് വഴി അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകളോ അറ്റാച്ചുമെന്‍റുകളോ തുറക്കരുത്. അപകടത്തിലേക്കുള്ള പ്രവേശനമാവുമെന്ന് ഓര്‍മയുണ്ടാകണം.

Most Popular