Monday, July 26, 2021
Home Newsfeed യുഎഇ വിമത അലാ അല്‍ സിദ്ദീഖിന് ഖത്തറില്‍ അന്ത്യവിശ്രമം; ഖബറടക്കല്‍ ചടങ്ങിന് നൂറുകണക്കിന് പേര്‍

യുഎഇ വിമത അലാ അല്‍ സിദ്ദീഖിന് ഖത്തറില്‍ അന്ത്യവിശ്രമം; ഖബറടക്കല്‍ ചടങ്ങിന് നൂറുകണക്കിന് പേര്‍

ദോഹ: ദോഹയില്‍ നടന്ന യുഎഇ മനുഷ്യാവകാശ പ്രവര്‍ത്തക അലാ അല്‍ സിദ്ദീഖിന്റെ ഖബറടക്കല്‍ ചടങ്ങില്‍ നൂറുകക്കിന് പേര്‍ പങ്കെടുത്തു. ഒരാഴ്ച്ച മുമ്പ് ലണ്ടനില്‍ നടന്ന കാറപകടത്തിലാണ് അല്‍ സിദ്ദീഖ് മരിച്ചത്. ഇന്ന് മഗ്രിബ് നമസ്‌കാരം മിസൈമീറില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കനെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


അലാ അല്‍ സിദ്ദീഖിന് ഒരുക്കിയ വിടപറയില്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഒരു പാര്‍ക്കിങ് സ്‌പേസ് കിട്ടാന്‍ വളരെ പ്രയാസപ്പെട്ടതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ യാസര്‍ അബൂ ഹിലാലെ ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച്ച ലണ്ടനില്‍ 33ാം ജന്മദിനം ആഘോഷിക്കാന്‍ പുറത്തിറങ്ങിയ വേളയിലാണ് അല്‍സിദ്ദീഖ് കാറപകടത്തില്‍ കൊല്ലപ്പെട്ടത്. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. യുഎഇയുടെ മനുഷ്യാവകാശ വിരുദ്ധ നയങ്ങളെയും ഇസ്രായേലുമായുള്ള ബന്ധത്തെയും കടുത്ത രീതിയില്‍ വിമര്‍ശിച്ചിരുന്ന അല്‍ സിദ്ദീഖിയുടെ മരണം സംശയാസ്പദമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തേടിയ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

അലാ അല്‍ സിദ്ദീഖിന്റെ മൃതദേഹം യുഎഇയില്‍ അടക്കം ചെയ്യാന്‍ അനുവദിക്കണമെന്നും ജയിലിലുള്ള അവരുടെ പിതാവ് മുഹമ്മദ് അല്‍ സിദ്ദീഖിനെ മോചിപ്പിക്കണമെന്നും അമേരിക്കയിലെ ഡമോക്രസി ഫോര്‍ ദി അറബ് വേള്‍ഡ് നൗ എന്ന സംഘടന ആവശ്യപ്പെട്ടിരുന്നു. മോചനം സാധ്യമല്ലെങ്കില്‍ മകളുടെ ഖബറടക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനെങ്കിലും അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, രണ്ട് ആവശ്യങ്ങളും യുഎഇ തള്ളി.


2012ല്‍ അലാ അല്‍ സിദ്ദീഖും ഭര്‍ത്താവ് അബ്ദുല്‍ റഹ്‌മാന്‍ ബജുബെയ്റും ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു. 2011-2012 കാലഘട്ടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ യുഎഇ വ്യാപക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. പിന്നീട് ഇരുവരും ലണ്ടനിലേക്കു മാറുകയായിരുന്നു.

യുഎഇയിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു അല്‍ സിദ്ദീഖ്. അവരുടെ പിതാവ് മുഹമ്മദ് അല്‍ സിദ്ദീഖിനെ യുഎഇ തടവിലിടുകയും പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു.

അലാ അല്‍സിദ്ദീഖിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് 2015ല്‍ യുഎഇയുടെ പ്രത്യേക പ്രതിനിധി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ സമീപിച്ചിരുന്നു. എന്നാല്‍, അമീര്‍ ആവശ്യം നിരസിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയിരുന്നു. യുഎഇ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ രണ്ടുവര്‍ഷം മുമ്പാണ് ഈ സംഭവം.

Most Popular