Sunday, June 13, 2021
Home Gulf UAE ദുബയില്‍ മോഷ്ടാവ് ഇന്ത്യന്‍ ദമ്പതികളെ കുത്തിയത് 24 തവണ

ദുബയില്‍ മോഷ്ടാവ് ഇന്ത്യന്‍ ദമ്പതികളെ കുത്തിയത് 24 തവണ

ദുബൈ: ദുബയില്‍ മോഷണത്തിനിടെ ഇന്ത്യന്‍ ദമ്പതികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിച്ചു. മോഷണ ശ്രമത്തിനിടെ താന്‍ ദമ്പതികളെ 24 തവണ കുത്തിയതായി പാകിസ്താന്‍കാരനായ പ്രതി പോലിസിനോട് കുറ്റസമ്മതം നടത്തി.

ജൂണ്‍ 18ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പതിവ് പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയതായിരുന്നു ദുബൈയിലെ അറേബ്യന്‍ റാഞ്ചസ് വില്ലയില്‍ താമസിച്ചിരുന്ന ഹിരണ്‍ ആദിത്യയും വിധി ആദിത്യയും. ആ സമയത്താണ് നേരത്തേ ഇവരുടെ വീട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി വന്നിരുന്ന പാകിസ്താന്‍കാരന്‍ മോഷണ ഉദ്ദേശവുമായി എത്തിയത്. ഹിരണ്‍ ആദിത്യയെ 10 തവണയും ഭാര്യയെ 24 തവണയും കുത്തിയതായി പോലിസ് വ്യക്തമാക്കി. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മകളെയും പ്രതി ആക്രമിച്ചുവെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മകളാണ് പോലിസിനെ വിവരമറിയിച്ചത്.

കുടുംബത്തിന്റെ ദിനചര്യകള്‍ മുന്‍കൂട്ടി മനസ്സിലാക്കിയാണ് താന്‍ മോഷണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് പ്രതി പറഞ്ഞു. ഷാര്‍ജയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് കത്തി വാങ്ങിയത്. ഒരു പാകിസ്താനി ഡ്രൈവര്‍ക്ക് 70 ദിര്‍ഹം കൊടുത്ത് സംഭവ സ്ഥലത്തെത്തി. വൈകീട്ട് 7 മണിക്ക് സ്ഥലത്തെത്തിയ താന്‍ 11 മണിവരെ റോഡരികില്‍ കാത്തു നിന്ന ശേഷമാണ് വില്ലയുടെ ഗാര്‍ഡനിലേക്ക് കയറിയത്. കുടുംബം ഉറങ്ങിയിട്ടില്ലാത്തിനാല്‍ പിന്നെയും രണ്ട് മണിക്കൂര്‍ കൂടി കാത്തു നിന്നു.

പൂട്ടിയിട്ടില്ലാത്ത ഡോര്‍ വഴി അകത്തു കടന്ന മോഷ്ടാവ് താഴത്തെ നിലയില്‍ ഉണ്ടായിരുന്ന പഴ്‌സില്‍ നിന്ന് 1,965 ദിര്‍ഹം എടുത്തു. അപ്പോഴാണ് ഒരു വര്‍ഷം മുമ്പ് അറ്റകുറ്റപ്പണികള്‍ക്ക് വന്ന സമയത്ത് ദമ്പതികളുടെ മുറിയില്‍ വലിയ തോതില്‍ പണം കണ്ടത് ഓര്‍മ വന്നത്. തുടര്‍ന്ന് ദമ്പതികള്‍ ഉറങ്ങുന്ന മുറിയില്‍ പ്രവേശിച്ച പാകിസ്താന്‍കാരന്‍ ഡ്രോവര്‍ തുറന്ന് പരിശോധന ആരംഭിച്ചു. ശബ്ദം കേട്ട് ഹിരണ്‍ ആദിത്യ ഉണര്‍ന്നു. ഈ സമയത്താണ് ഹിരണ്‍ പാണ്ഡ്യയെ താന്‍ പല തവണ കുത്തിയതെന്ന് മോഷ്ടാവ് പറഞ്ഞു. ബഹളം കേട്ട് ഭാര്യ ഉണര്‍ന്നപ്പോള്‍ അവരെയും കുത്തുകയായിരുന്നു.

മാതാപിതാക്കളുടെ കരച്ചില്‍ കേട്ടാണ് 18 വയസ്സുള്ള മകള്‍ മുറിയിലേക്ക് വന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊലയാളി അവരുടെ കഴുത്തില്‍ കുത്തിയ ശേഷം ഓടി മറയുകയായിരുന്നു. കത്തിവലിച്ചെറിഞ്ഞ ശേഷം ദുബൈ-അല്‍ഐന്‍ റോഡിലെത്തിയ താന്‍ നേരത്തേ വന്ന ഡ്രൈവറെ വിളിച്ച് ഷാര്‍ജയില്‍ എത്തുകയായിരുന്നുവെന്ന് മോഷ്ടാവ് പറഞ്ഞു.


 

Most Popular