Friday, August 6, 2021
Home Gulf Oman ഒമാനിലെ മുസണ്ടത്ത് കുടുങ്ങി മലയാളി യുവതികളും കുഞ്ഞും; അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

ഒമാനിലെ മുസണ്ടത്ത് കുടുങ്ങി മലയാളി യുവതികളും കുഞ്ഞും; അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

ദുബൈ: ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രമായ മുസണ്ടത്ത് മാസങ്ങളായി കുടുങ്ങി നാല് മലയാളികള്‍. രണ്ട് മലയാളി യുവതികളും കുട്ടിയും ഉള്‍പ്പെട്ട സംഘം നാടണയാന്‍ അധികൃതരുടെ കനിവ് തേടുകയാണ്. യുഎഇയിലേയ്ക്ക് സന്ദര്‍ശക വിസയിലത്തി കോവിഡ്‌ലോക്ഡൗണ്‍ കാരണം കഴിഞ്ഞ ആറു മാസത്തോളമായി മുസണ്ടത്ത് കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശി ജയകുമാര്‍ രാമകൃഷ്ണപിള്ള(56)യെ കൂടാതെ, മലപ്പുറം തിരൂര്‍ സ്വദേശിനി ഷഹ്‌ല നസ്രീന്‍, കൊല്ലം പള്ളിമുക്ക് സ്വദേശിനി ബീമാ തമീം അഞ്ചു വയസ്സുള്ള മകന്‍ അയ്മന്‍ അയാന്‍ എന്നിവരാണു തിരിച്ചുവരാന്‍ വഴിയില്ലാതെ ഇന്ത്യന്‍ അധികൃതരോട് സഹായമഭ്യര്‍ഥിക്കുന്നത്.

കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി മുസണ്ടത്തുള്ള ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ടെലിഫോണില്‍ ഒട്ടേറെ തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നു യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് പരാതിപ്പെട്ടു.

Musandam-Dibba-Tour-1

മുസണ്ടത്ത് ജലവിനോദസഞ്ചാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭര്‍ത്താക്കന്മാരുടെ അരികില്‍ ചെന്നതായിരുന്നു ഷ്ഹലയും ബീമയും. ഫെബ്രുവരി 10നായിരുന്നു ബീമയും മകനും സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തിയത്. തുടര്‍ന്ന് മുസണ്ടത്ത് ഭര്‍ത്താവിനടുത്തേയ്ക്ക് ചെല്ലുകയായിരുന്നു. മേയ് 10ന് ഇന്ത്യയിലേയ്ക്ക് മടങ്ങുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍, കോവിഡ് കാരണം ലോക് ഡൗണ്‍ ആയതോടെ തിരിച്ചുവരവ് മുടങ്ങി.
വിസിറ്റ് വിസയിലെത്തിയവര്‍ അടുത്ത മാസം 11ന് അകം തൊഴില്‍ വിസയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് യുഎഇ അന്ത്യശാസനം നല്‍കിയതോടെ ഇവര്‍ ഏത് വിധേനയും നാടണയാനുള്ള ശ്രമത്തിലാണ്.

മുസണ്ടത്ത് നിന്നു മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി ദിബ്ബ അല്‍ ഹിസനിലെ യുഎഇഒമാന്‍ അതിര്‍ത്തിയിലെത്തിയെങ്കിലും സുരക്ഷാ സേന തടഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ബന്ധപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, മറുപടി നല്‍കാന്‍ പോലും തയ്യാറായില്ലെന്ന് ബീമ പറഞ്ഞു.

ഫെബ്രുവരി ഏഴിനായിരുന്നു ഷഹ്ല യുഎഇ സന്ദര്‍ശക വീസയിലെത്തിയത്. പിന്നീട് മാര്‍ച്ച് 8ന് ഒരാഴ്ച്ചത്തെ പെര്‍മിറ്റില്‍ മുസണ്ടത്തേയ്ക്ക് പോവുകയായിരുന്നു. മാര്‍ച്ച് 14ന് രാത്രി അതിര്‍ത്തി അടച്ചതോടെ അവിടെ കുടുങ്ങി. യുഎഇയിലേയ്ക്ക് പ്രവേശിക്കാന്‍ അതിര്‍ത്തിയില്‍ വിലക്കുള്ളതിനാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ഭര്‍ത്താവ് ആഷിഖ് ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കോവിഡ് ലോക് ഡൗണ്‍ കാരണം ടൂറിസം മേഖല നിശ്ചലമാണെന്നും തനിക്കു ജോലിയില്ലാതെ നാലു മാസത്തിലേറെയായെന്നും ഇദ്ദേഹം പറഞ്ഞു.

വന്ദേഭാരത് മിഷന്‍ പദ്ധതിയില്‍ ഈ മാസം 10ന് ദുബയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങാനായി വിമാന ടിക്കറ്റെടുത്തിരുന്നെങ്കിലും അതിര്‍ത്തിയില്‍ നിന്ന് നിരാശനായി മുസണ്ടത്തേയ്ക്ക് തന്നെ തിരിച്ചുപോകേണ്ടി വന്നുവെന്ന് ജയകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്നാണ് യുഎഇ അധികൃതര്‍ വ്യക്തമാക്കിയതെന്നും എന്നാല്‍, ഇമെയില്‍ വഴി ഒട്ടേറെ തവണ അപേക്ഷിച്ചിട്ടും കോണ്‍സുലേറ്റ് അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും ഇദ്ദേഹം പരാതിപ്പെട്ടു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മെയില്‍ അയച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

അതേസമയം, വിഷയത്തില്‍ പ്രദേശിക അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ജയകുമാറിന്റെയും യുവതികളുടെയും കാര്യം അറിയാമെന്നും ഇവരെ തിരികെ യുഎഇയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ നീരജ് അഗര്‍വാള്‍ പറഞ്ഞു.

Most Popular