ദബൈ: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 റണ്‍സ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി.
അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോയുടെ മികവില്‍ ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. യൂസ്വേന്ദ്ര ചാഹലിന്റെ സ്പെല്ലാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കി തിരിച്ചത്.
ഒരു ഘട്ടത്തില്‍ 15 ഓവറില്‍ രണ്ടിന് 121 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 18 റണ്‍സില്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം ഒന്നിച്ച ബെയര്‍സ്റ്റോ – മനീഷ് പാണ്ഡെ സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്സിനെ താങ്ങിനിര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്ത് നേരിട്ട് ഒരു സിക്സും മൂന്നു ഫോറുമടക്കം 34 റണ്‍സെടുത്ത പാണ്ഡെയെ മടക്കിയ യൂസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ബാംഗ്ലൂരിനായി നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ചാഹല്‍ ബൗളിങ്ങില്‍ തിളങ്ങി. നവ്ദീപ് സെയ്നി, ശിവം ദുബെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ മലയാളിയായ ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്സുമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ആരോണ്‍ ഫിഞ്ചിനൊപ്പം ബാംഗ്ലൂരിന് മികച്ച തുടക്കം സമ്മാനിച്ച ദേവദത്ത് 42 പന്തില്‍ നിന്ന് എട്ടു ഫോറുകള്‍ സഹിതം 56 റണ്‍സെടുത്താണ് മടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് – ദേവദത്ത് സഖ്യം 66 പന്തില്‍ നിന്ന് 90 റണ്‍സ് ബാംഗ്ലൂര്‍ സ്കോറിലേക്ക് ചേര്‍ത്തു.
അടുത്തടുത്ത പന്തുകളില്‍ ദേവദത്തും ഫിഞ്ചും മടങ്ങിയത് ബാംഗ്ലൂരിന്റെ സ്കോറിങ്ങിനെ ബാധിച്ചു. 27 പന്തില്‍ രണ്ടു സിക്സും ഒരു ഫോറുമടക്കം 29 റണ്‍സെടുത്താണ് ഫിഞ്ച് മടങ്ങിയത്.
പിന്നീട് 30 പന്തില്‍ 51 റണ്‍സെടുത്ത ഡിവില്ലിയേഴ്സാണ് സ്കോര്‍ 150 കടത്തിയത്. ക്യാപ്റ്റന്‍ കോലി 14 റണ്‍സെടുത്തു.