Monday, June 21, 2021
Home Ediotrs Pick ഫ്രീ വിസയുടെ പേരില്‍ തട്ടിപ്പുകാര്‍ വ്യാപകം; ഗള്‍ഫില്‍ ജോലി ലഭിക്കുന്നവര്‍ സ്ഥാപനം ഉള്ളതാണെന്ന് ഉറപ്പ് വരുത്തണം

ഫ്രീ വിസയുടെ പേരില്‍ തട്ടിപ്പുകാര്‍ വ്യാപകം; ഗള്‍ഫില്‍ ജോലി ലഭിക്കുന്നവര്‍ സ്ഥാപനം ഉള്ളതാണെന്ന് ഉറപ്പ് വരുത്തണം

അബൂദബി: യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ‘ഫ്രീ വീസ’ എന്ന ഓമനപ്പേരിട്ട് വ്യാജ കമ്പനികള്‍ തൊഴിലന്വേഷകരെ കബളിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ഇരകളെ വലയില്‍ വീഴ്ത്തുന്നത്. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് ഇതിന്റെ പേരില്‍ ഇടനിലക്കാര്‍ ഈടാക്കുന്നത്.

ഫ്രീ വിസയ്ക്ക് പുറമേ വിസിറ്റ്, ടൂറിസ്റ്റ് വിസ എന്നിവ മാത്രമല്ല യുഎഇ നല്‍കുന്ന നിക്ഷേപക വിസ ഇവര്‍ ഓഫര്‍ ചെയ്യുന്നു. ആയിരം ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹം വരെയാണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്.

യുഎഇയിലോ വിദേശത്തോ വച്ച് തൊഴില്‍ ഓഫറുകള്‍ ലഭിക്കുന്നവര്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് ഉറപ്പു വരുത്തണമെന്ന് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ടൂറിസ്റ്റ് വിസകളില്‍ തൊഴിലെടുക്കുന്നതു രാജ്യത്ത് അനുവദനീയമല്ല. ഇപ്രകാരം ജോലി ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ കമ്പനിക്ക് വന്‍തുക പിഴയും നിയമം ലംഘിച്ച് തൊഴിലെടുത്തവരെ നാടുകടത്തുകയും ചെയ്യും. നിയമനത്തിന്റെ മുന്നോടിയായി ലഭിക്കുന്ന ഓഫര്‍ ലറ്ററുകളും തൊഴില്‍ കരാറും ഔദ്യോഗികമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കണം. അതതു രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ വഴിയോ മന്ത്രാലയം വഴിയോ ഇത് ചെയ്യാവുന്നതാണ്. തൊഴില്‍ പെര്‍മിറ്റുകള്‍ ഇ-മെയില്‍ വഴി അയച്ച് മന്ത്രാലയത്തില്‍ നിന്നും കൃത്യത ഉറപ്പു വരുത്താം.

‘ഫ്രീ വിസ’ എന്നൊരു സംവിധാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലില്ല. ആളുകളെ കബളിപ്പിക്കാന്‍ ചിലര്‍ ഉപയോഗിക്കുന്ന പ്രയോഗം മാത്രമാണ്. വിസ ഏത് കമ്പനിയിലേക്ക് ആണോ ആ കമ്പനിയില്‍ മാത്രമേ നിയമപ്രകാരം ജോലി ചെയ്യാനാവൂ. യുഎഇ തൊഴില്‍ നിയമപ്രകാരം തൊഴിലുടമകളാണ് വിസാ ചെലവുകള്‍ വഹിക്കേണ്ടതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

തൊഴില്‍ വിസയില്‍ വരുന്നവര്‍ക്ക് താഴെയുള്ള വിലാസത്തിലും ടെലിഫോണിലും ബന്ധപ്പെട്ട് യുഎഇയിലെ കമ്പനികളുടെ വിശദാംശങ്ങള്‍ ലഭിക്കും. അറബിക്കിലോ ഇംഗ്ലീഷിലോ തൊഴില്‍ വാഗ്ദാനം നല്‍കിയ കമ്പനിയുടെ വിലാസം ടൈപ്പ് ചെയ്തു യുഎഇ നാഷനല്‍ ഇക്കണോമിക് റജിസ്റ്റര്‍ വെബ്‌സൈറ്റിലൂടെയും വിവരങ്ങള്‍ അറിയാനാകും. വിലാസം: 00971 68027666, [email protected]
ALSO WATCH

 

Most Popular