Sunday, August 1, 2021
Home News Kerala കരിപ്പൂര്‍ വിമാന ദുരന്തം: മരണം 19 ആയി; ചികിത്സയിലുള്ളത് 171 പേര്‍, ഗര്‍ഭിണിയും കുട്ടികളും അടക്കം...

കരിപ്പൂര്‍ വിമാന ദുരന്തം: മരണം 19 ആയി; ചികിത്സയിലുള്ളത് 171 പേര്‍, ഗര്‍ഭിണിയും കുട്ടികളും അടക്കം ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം താഴ്ച്ചയിലേക്കു പതിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും രണ്ട് കുട്ടികളും അഞ്ച് സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്. ജീവനക്കാരുള്‍പ്പെടെ പരിക്കേറ്റ 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗര്‍ഭിണിയടക്കം 5 പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.

കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 6 പേര്‍ മരിച്ചു.

മരിച്ചവരുടെ പേരുവിവരങ്ങള്‍

1. ജാനകി, 54, ബാലുശ്ശേരി
2. അഫ്‌സല്‍ മുഹമ്മദ്, 10 വയസ്സ്
3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി
4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി
5. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി
6. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി
7. മുഹമ്മദ് റിയാസ്, 23, പാലക്കാട്
8. രാജീവന്‍, കോഴിക്കോട്
9. ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി,
10. ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി
11. കെ വി ലൈലാബി, എടപ്പാള്‍
12. മനാല്‍ അഹമ്മദ് (മലപ്പുറം)
13. ഷെസ ഫാത്തിമ (2 വയസ്സ്)
14. ദീപക്
15. പൈലറ്റ് ഡി വി സാഥേ
16. കോ പൈലറ്റ് അഖിലേഷ് കുമാര്‍

മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായാണ് പരിക്കേറ്റവര്‍ ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി, ഇഖ്‌റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്‌സി ആശുപത്രി, ഫറോക്ക് ക്രസന്റ് ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അല്‍മാസ് കോട്ടയ്ക്കല്‍, ബി എം പുളിക്കല്‍, ആസ്റ്റര്‍ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകള്‍ ചികിത്സയിലുള്ളത്.

അപകടത്തെക്കുറിച്ച് എയര്‍ ഇന്ത്യയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തുന്ന അന്വേഷണം ഇന്ന് തുടങ്ങും.

മഴയോടൊപ്പമെത്തിയ ദുരന്തം

karipur flight accident1
ഇന്നലെ വൈകീട്ട് 7.40-ന് മഴ തകര്‍ത്തു പെയ്യുന്നതിനിടെയായിരുന്നു ദുരന്തമുണ്ടായത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്.

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ഒരു മതിലിലിടിക്കുകയും തുടര്‍ന്ന് ചെരിഞ്ഞ് ഒരു ഭാഗത്തേക്ക് വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞു മാറുകയും ചെയ്തതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അപകട കാരണം പരാമര്‍ശിക്കാതെ എയര്‍ ഇന്ത്യ


ദുരന്തത്തില്‍ അനുശോചനമറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പക്ഷേ അപകട കാരണത്തെക്കുറിച്ച് പരാമര്‍ശമില്ല. യാത്രക്കാര്‍ക്ക് സഹായമെത്തിക്കാനായി എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദശാനുസരണം കരിപ്പൂരിലെത്തിയ മന്ത്രി മന്ത്രി എ.സി മൊയ്തീന്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യാത്രക്കാരുടെ ലഗേജുകളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

ദുരന്ത മുന്നറിയിപ്പ് അവഗണിച്ചു
ടേബിള്‍ ടോപ്പ് ഘടനയുളള മംഗലാപുരത്ത് 2010-ല്‍ ദുരന്തമുണ്ടയാതു മുതല്‍ ഇതേ ഘടനയുളള കരിപ്പൂരിലും ജാഗ്രത വേണമെന്ന് പല ഘട്ടങ്ങളിലും ആവശ്യമുയര്‍ന്നിരുന്നു.

ഇക്കഴിഞ്ഞ ജൂലൈയില്‍ റണ്‍വേയിലെ തകരാറും വെളളക്കെട്ടും ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നിട്ടും ഭൂമിയേറ്റെടുക്കലടക്കമുളള പ്രശ്‌നങ്ങളില്‍ കുരുങ്ങി നടപടികള്‍ വൈകി.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ ഹെല്പ് ലൈന്‍ നമ്പറുകള്‍
കോഴിക്കോട് : 04832719321, 04832719318, 04832719493, 04832713020, 8330052468 മുംബൈ : 02226157095 അബുദാബി : +971 2 6313789 ദുബായ് : +97142079444 ഷാര്‍ജ : 00971 6 5970303

Most Popular