Saturday, April 10, 2021
Home News Kerala കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ട വിമാനം രണ്ടു തവണ ലാന്റിങിന് ശ്രമിച്ചതായി സൂചന; 20 മിനിറ്റ് നേരം വട്ടംകറങ്ങിയെന്ന്...

കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ട വിമാനം രണ്ടു തവണ ലാന്റിങിന് ശ്രമിച്ചതായി സൂചന; 20 മിനിറ്റ് നേരം വട്ടംകറങ്ങിയെന്ന് യാത്രക്കാരന്‍

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ രണ്ടു തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി ഗ്ലോബല്‍ ഫ്ളൈറ്റ് ട്രാക്കര്‍ വെബ്സൈറ്റിന്റെ സൂചന. സ്വീഡിഷ് കമ്പനിയായ ഫ്ളൈറ്റ് റഡാര്‍ 24 നല്‍കുന്ന മാപ്പിലാണ് ഇക്കാര്യം പറയുന്നത്.

ആദ്യ ലാന്‍ഡിങ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാമത്തെ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. രണ്ടാമത്തെ ലാന്‍ഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ ലോക്കായതായി സൂചനയുണ്ട്. ആദ്യ ലാന്‍ഡിങ് നടന്നില്ലെങ്കില്‍ രണ്ടു തവണ കൂടി ശ്രമിക്കാമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചട്ടം. എന്നിട്ടും ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നേരത്തെ അറിയിച്ചിട്ടുള്ള ആള്‍ട്ടര്‍നേറ്റീവ് എയര്‍പോര്‍ട്ടിലേക്ക് പോകണം. ആദ്യശ്രമത്തിന് ശേഷം വീണ്ടും ശ്രമിക്കണോയെന്ന് സാഹചര്യമനുസരിച്ച് വിമാനത്തിന്റെ ക്യാപ്റ്റന് തീരുമാനിക്കാം.

ആദ്യത്തെ ലാന്റിങ് പരാജയപ്പെട്ട് മിനിറ്റുകളോളം കറങ്ങി

karipur flight accident how to
ഒരു തവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ച വിമാനം വീണ്ടും പറുന്നുയരുകയും 20 മിനിറ്റോളം വട്ടം കറങ്ങിയ ശേഷം രണ്ടാമതും ലാന്റ് ചെയ്യാന്‍ ശ്രമിച്ചതായും രക്ഷപ്പെട്ട യാത്രക്കാരിലൊരാള്‍ പറഞ്ഞിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഫ്‌ളൈറ്റ് ട്രാക്കറിന്റെ മാപ്പ്.
184 യാത്രക്കാരാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തിലുണ്ടായിരുന്നത്.

വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

വിമാനം മൂന്ന് കഷണമായി മുറിഞ്ഞു
റണ്‍വേയില്‍നിന്ന് തെന്നി താഴേക്കുപതിച്ച വിമാനം മൂന്നുകഷണമായാണ് മുറിഞ്ഞുപോയത്. മധ്യഭാഗത്തുള്ളവരും പിന്‍ഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്ബെല്‍റ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു. പിന്‍ഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടര്‍ ഉപയോഗിച്ച് വിമാനഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ്. മിക്ക യാത്രക്കാരും സീറ്റിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. വിമാനത്താവളത്തിലെ നൂറ്റമ്പതോളം ടാക്സിഡ്രൈവര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു. ടാക്‌സികളെല്ലാം റണ്‍വേയില്‍ക്കൂടിയാണ് കടത്തിവിട്ടിരുന്നത്.

Most Popular