ദുബൈ: അപൂര്‍വ രോഗത്തെ വെല്ലുവിളിച്ച് ആശുപത്രി കിടക്കയില്‍ പഠനം തുടര്‍ന്ന സാന്ദ്ര ഒടുവില്‍ മോഹങ്ങള്‍ ബാക്കിയാക്കി യാത്രയായി. തകരാറിലായ വൃക്ക മാറ്റിവയ്ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അവള് വദേനകളില്ലാത്ത ലോകത്തേക്ക് മടങ്ങിയത്. അടൂര്‍ കരുവാറ്റ ആന്‍സ് വില്ലയില്‍ ജയ്സണ്‍ തോമസിന്റെയും ബിജി അഗസ്റ്റിന്റെയും മൂത്ത മകളായ സാന്ദ്ര ആന്‍ ജയ്സണ്‍(18) തിങ്കളാഴ്ച വൈകിട്ട് 5ന് ആണ് മരിച്ചത്. 2014ല്‍ അവധിക്ക് ഷാര്‍ജയില്‍ നിന്ന് അടൂരിലെ വീട്ടിലെത്തിയപ്പോഴാണ് പ്രത്യേക ഇനം പ്രാണിയുടെ കടിയേറ്റ് സാന്ദ്രയ്ക്ക് ലക്ഷം പേരില്‍ ഒരാള്‍ക്കു മാത്രം പിടിപെടുന്ന രോഗം ബാധിച്ചത്.
പരിശോധനയില്‍ ഹെനോക് സ്കോളിന് പര്‍പ്യൂറ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി. ചികിത്സ നടത്തി ഭേദമായതോടെ ഷാര്‍ജയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കകം രോഗം വീണ്ടും കൂടുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തു. മെച്ചപ്പെട്ട ചികില്‍സ നല്‍കിയതിനെ തുടര്‍ന്ന് രോഗം കുറഞ്ഞതിനാല്‍ പഠനം തുടര്‍ന്നു. 2019ലാണ് ഇരു വൃക്കകളും തകരാറിലായതായി കണ്ടെത്തിയത്. അവിടെയുള്ള ആശുപത്രിയില്‍ നിത്യേന 11 മണിക്കൂര്‍ ഡയാലിസിസ് നടത്തിയാണ് ജീവന് പിടിച്ചു നിര്‍ത്തിയത്.
രോഗക്കിടക്കയില്‍ ഷാര്‍ജയിലെ അധ്യാപകരുടെയും കൂട്ടുകാരികളുടെയും സഹായത്താല്‍ പഠിച്ച് സാന്ദ്ര സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 76% മാര്‍ക്ക് നേടുകയും ചെയ്തു. സൈക്കോളജിസ്റ്റാകാനുള്ള മോഹം ബാക്കിയാക്കിയാണ് സാന്ദ്ര യാത്രയായത്.
ഈ മാസം അവസാനത്തോടെ വൃക്ക മാറ്റിവയ്ക്കാനുള്ള തയാറെടുപ്പിലായിരുന്നു. വൃക്കമാറ്റിവയ്ക്കലിനായി രണ്ടു മാസം മുന്‍പാണ് കുടുംബം അടൂരിലെ വീട്ടിലെത്തിയത്. ഇതിനിടെ വൃക്ക ദാതാക്കളെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, എല്ലാവരെയും വേദനയിലാഴ്ത്തി കഴിഞ്ഞദിവസം ഹൃദ്രോഗവും ബാധിച്ചാണ് അന്ത്യം. റിച്ച ആന്‍ ജയ്സണ്‍ സഹോദരിയാണ്.