Monday, July 26, 2021
Home Gulf UAE ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ വെങ്ങൂര്‍ സ്വദേശി ബിനു പോള്‍മേരി ദമ്പതികളുടെ മകള്‍ സമീക്ഷാ പോള്‍(15) ആണു കുടുംബം താമസിക്കുന്ന അല്‍ താവൂനിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അപാര്‍ട്‌മെന്റില്‍ നിന്നു വീണു മരിച്ചത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

മലയാളി ദമ്പതികളുടെ ഇരട്ട പെണ്‍കുട്ടികളിലൊരാളായ സമീക്ഷ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ബുഹൈറ പൊലീസെത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് വിവരമറിയിച്ചപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കള്‍ സംഭവം അറിയുന്നത്. പുലര്‍ച്ചെ 2.35ന് മരണം സംഭവിച്ചു. മൃതദേഹം ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റി.

അജ്മാന്‍ ഭവന്‍സ് സ്‌കൂളിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. പത്താം ക്ലാസിലേയ്ക്ക് പ്രവേശനം നേടിയിരുന്നു. കുട്ടിക്ക് യാതൊരു മാനസിക സമ്മര്‍ദവും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാന്‍ പോയതാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ബിനു പോള്‍ ദുബയിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അബൂദബിയിലായിരുന്ന കുടുംബം അടുത്തകാലത്താണ് ഷാര്‍ജയിലേയ്ക്ക് താമസം മാറിയെത്തിയത്. സഹോദരി: മെറിഷ് പോള്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കാനാണ് തീരുമാനം.

Most Popular