ഷാര്‍ജ: യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്ക് യാത്രക്കാരില്‍ നിന്ന് അമിത തുക ഈടാക്കിയെന്ന ആരോപണത്തെച്ചൊല്ലി തമ്മിലടി മുറുകുന്നു. സംസ്ഥാ നേതാക്കള്‍ തന്നെ പരസ്പരം ചെളിവാരിയെറിഞ്ഞ് രംഗത്തെത്തിയതോടെ യുഎഇ കെഎംസിസി പൊട്ടിത്തെറിയിലേക്ക്.
ദുബയില്‍ കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് അമിതനിരക്ക് ഈടാക്കിയതിനെ തുടര്‍ന്ന് വിവാദമായപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാന്‍ തന്നെ പ്രശ്നത്തിലേയ്ക്ക് വഴിച്ചിഴയ്ക്കുകയാണെന്ന് ഷാര്‍ജ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചെക്കാനത്ത് പറഞ്ഞു. 725 ദിര്‍ഹം നിരക്കിലുള്ള കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാന ടിക്കറ്റ് 825 ദിര്‍ഹത്തിനാണ് ദുബയില്‍ വിറ്റതെന്ന് അദ്ദേഹം പറഞ്ഞു. ഇത് പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, ഷാര്‍ജ കെഎംസിസി കൃത്യമായ നിരക്കിലാണ് 3 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ടിക്കറ്റ് ഒന്നിന് 1200 ദിര്‍ഹം ഈടാക്കി. ഇതിനായി താല്‍ക്കാലികമായി അടിച്ച റസീപ്റ്റിന് നേതൃത്വത്തില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്ന ഒരു പിശക് മാത്രമേ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം സൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ പേരില്‍ ആരെങ്കിലും തെറ്റായി പ്രവര്‍ത്തിച്ചുവെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ദുബൈ കെഎംസിസി നേതാക്കള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ഒരു ഭാരവാഹിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആര്‍ക്കെതിരെയെങ്കിലും കൂടുതല്‍തെളിവുകള്‍ ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ദുബൈ കെഎംസിസി പ്രസിഡന്റ് ഈബ്രാഹിം എളേറ്റില്‍, ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി എന്നിവര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു മറുപടിയുമായാണ് ഷാര്‍ജ കെഎംസിസി നേതാവ് രംഗത്തെത്തിയത്. ദുബൈ സംസ്ഥാന കമ്മിറ്റി ഷാര്‍ജ കമ്മിറ്റിയുടെ പ്രശ്നത്തില്‍ ഇടപെടുന്നത് തെറ്റാണെന്ന് അബ്ദുല്‍ ഖാദര്‍ ചെക്കാനത്ത് പറഞ്ഞു. ഇതുസംബന്ധമായി മാധ്യമങ്ങളില്‍ വാര്‍ത്ത നല്കിയതും വലിയ പിഴവ് തന്നെ. എന്നെയും സെക്രട്ടറിമാരായ അബ്ദുല്‍ വഹാബ് നാട്ടിക, നൗഷാദ് കാപ്പാട്, വടകര മണ്ഡലം കെഎംസിസി പ്രസിഡന്റ് ഷാഫി വള്ളിക്കാടിനെയും അതത് സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള കത്ത് കഴിഞ്ഞ മാസം 23ന് ദേശീയനേതൃത്വം നല്‍കിയിരുന്നു. കേന്ദ്ര കമ്മിറ്റി നിയോഗിച്ച അന്വേഷണ സംഘം താല്‍ക്കാലിക റസീപ്റ്റ് അടിച്ച കാര്യത്തില്‍ ഇവര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി കണ്ടെത്തി എന്നും കത്തില്‍ പറയുന്നു. ജനറല്‍ സെക്രട്ടറിയായി സെക്രട്ടറിമാരിലൊരാളായ കെ ടികെ മൂസയെ നിയോഗിച്ചതായും അറിയിച്ചിട്ടുണ്ട്. നാട്ടിലുള്ള ഷാര്‍ജ കെഎംസിസി പ്രസിഡന്റ് തിരിച്ചെത്തിയാലുടന്‍ ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
തനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് തേജോവധം ചെയ്യാന്‍ ശ്രമിക്കുന്ന ദുബൈ സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിക്കും കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ നടപടിയുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര മനസുവച്ചാല്‍ ഉടന്‍ തന്നെ പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.