Friday, June 25, 2021
Home News Kerala അപവാദ പ്രചാരണത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് എം എ യൂസഫലി

അപവാദ പ്രചാരണത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് എം എ യൂസഫലി

ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. അത്തരം പ്രചാരണങ്ങളില്‍ പ്രകോപിതനാകാറില്ലെങ്കിലും 55,000 ത്തിലേറെ വരുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മനഃപ്രയാസമുണ്ടാക്കുന്ന വിഷയമായതിനാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനമെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തില്‍ എം എ യൂസഫലിയെ ബന്ധപ്പെടുത്തി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍, അത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് തന്നെ പ്രസ്താവന ഇറക്കിയിരുന്നു.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് താനെന്ന് യൂസഫലി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല. നെഗറ്റീവ് പ്രചരിപ്പിക്കുക ചിലരുടെ ശീലമായിരിക്കാം. ഇന്ത്യക്കാര്‍ക്ക് അഭിപ്രായസ്വാതന്ത്യമുണ്ട്. എങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വ്യക്തിഹത്യയ്‌ക്കെതിരെ നിയമവഴി തേടുക തന്നെ ചെയ്യും. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എന്നതടക്കം ഒട്ടേറെ സ്ഥാനങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഒരു വ്യക്തിയെക്കുറിച്ച് എന്തും ചെയ്യാമെന്ന അഭിപ്രായക്കാരനല്ല ഞാന്‍. എല്ലാം കോടതിക്ക് വിട്ടുകൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Most Popular