ദുബായ്: സന്ദര്‍ശക വിസയില്‍ ദുബൈയില്‍ എത്തി കാണാതായ കണ്ണൂര്‍ സ്വദേശി തിരിച്ചെത്തി. കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി ചെനോത്ത് തുരുത്തുമ്മല്‍ ആശിഖാണ് (31) കഴിഞ്ഞ ദിവസം വൈകീട്ടോടെ ഇന്റര്‍നാഷനല്‍ സിറ്റിയിലെ സുഹൃത്തിന്റെ അപ്പാര്‍ട്മെന്റില്‍ തിരിച്ചെത്തിയത്. ദുബൈ ഇന്റര്‍നാഷനല്‍ സിറ്റിയില്‍ സുഹൃത്തിനൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞ ഓക്ടോബര്‍ 31നാണ് ഇയാളെ കാണാതായത്.
മുന്‍പ് അബൂദാബിയില്‍ ജോലി ചെയ്തിരുന്ന ആശിഖ് അടുത്തിടെ നാട്ടില്‍ പോയിരുന്നു. പിന്നീട് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ 16നാണ് അബൂദാബിയിലെ ഷോപ്പില്‍ ജോലിക്ക് കയറുന്നതിനായി ഇയാള്‍ ദുബൈയില്‍ എത്തിയത്. അബൂദാബിയില്‍ 14 ദിവസം ക്വാറന്റീന് നിര്‍ബന്ധമായതിനാല്‍ ആ കാലാവധി കഴിഞ്ഞ് അവിടെയെത്താനായിരുന്നു ഉദ്ദേശം. ഇതിനിടയിലാണ് ഇയാളെ കാണാതാവുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും പൊലീസില്‍ പരാതി നല്കി തിരച്ചില്‍ തുടരുന്നതിനിടെയാണ് ആശിഖ് തിരികെയെത്തിയത്.