Sunday, September 19, 2021
Home Gulf UAE ഉറക്കം ചതിച്ച പ്രവാസി ഒടുവില്‍ നാടണഞ്ഞു

ഉറക്കം ചതിച്ച പ്രവാസി ഒടുവില്‍ നാടണഞ്ഞു

ദുബയ്: കാത്തു കാത്തിരുന്ന നാട്ടിലേക്കു പറക്കാന്‍ ലഭിച്ച അവസരം ചെറിയൊരു അശ്രദ്ധ മൂലം നഷ്ടപ്പെട്ട മലയാളി ഒടുവില്‍ നാടണഞ്ഞു. വിമാനത്താവളത്തിലിരുന്ന് ഉറങ്ങിപ്പോയത് കാരണം വിമാനം നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് കെഎംസിസി.യുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിയത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അഹദ് മന്‍സിലില്‍ പി. ഷാജഹാനാണ് (53) ഒരു രാത്രിയും പകലും വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടി വന്നത്.

അബൂദബി മുസഫയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു ഷാജഹാന്‍. കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. അതനുസരിച്ച് കെഎംസിസി. ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ വ്യാഴാഴ്ച മടങ്ങാനിരിക്കെയാണ് ഉറക്കത്തിലേക്ക് വഴുതിവീണതും വിമാനം നഷ്ടമായതും.

അബുദാബിയില്‍നിന്ന് ടാക്‌സി പിടിച്ച് കൃത്യസമയത്ത് ദുബയ് അന്താരാഷ്ട്രവിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍ അദ്ദേഹം എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടിന് കോവിഡ് റാപ്പിഡ് പരിശോധന നടത്തി. ചെക്ക് ഇന്‍ ചെയ്ത ശേഷം കാത്തിരിക്കുമ്പോഴാണ് ഉറക്കത്തിലായത്.

വിമാനം ഉയരുന്നതിന് മുമ്പ് അധികൃതര്‍ ഷാജഹാനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഉറക്കമുണര്‍ന്നപ്പോഴാണ് വിമാനം പോയെന്ന് മനസ്സിലായത്. വിസ നേരത്തേതന്നെ റദ്ദാക്കിയതിനാല്‍ പുറത്തിറങ്ങാനും സാധിച്ചില്ല. തുടര്‍ന്ന് ഒരു രാത്രിയും പകലും കാത്തിരുന്നശേഷമാണ് അടുത്ത വിമാനത്തില്‍ നാടണയാനായത്.

Most Popular