ദുബൈ: സന്ദര്‍ശക വിസയില്‍ ദുബയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. 31കാരനായ ചേനോത്ത് തുരുത്തുമ്മല്‍ ആഷിഖ് എന്നയാളെയാണ് കാണാതായതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ദുബൈ പോലിസ് അന്വേഷണം ആരംഭിച്ചു. കോവിഡ് കാലത്ത് ജോലി നഷ്ടമായ യുവാവ് മെച്ചപ്പെട്ട ജോലി തേടിയാണ് സന്ദര്‍ശക വിസയില്‍ ദുബയിലെത്തിയത്. ശനിയാഴ്ച മുതലാണ് യുവാവിനെ കാണാതായതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഇന്റര്‍നാഷനല്‍ സിറ്റിയിലെ പേര്‍ഷ്യ ക്ലസ്റ്ററിലെ തന്റെ സുഹൃത്തുക്കളുടെ ഫ്ളാറ്റില്‍ നിന്ന് പുറത്തിറങ്ങിയ ആഷികിനെ പിന്നീട് കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ അല്‍ത്താഫ് പറയുന്നു. പുറത്തേക്ക് ഇറങ്ങുമ്പോള്‍ സുഹൃത്ത് റമീസിനോട് താന്‍ നടക്കാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. മാസ്ക്കും പഴ്സുമെടുത്ത് താനും വരാമെന്ന് റമീസ് പറഞ്ഞു. ഇതുമായി വരുമ്പോഴേക്കും ആഷിഖ് അപ്രത്യക്ഷനായിരുന്നു. പുറത്തേക്കു പോകുമ്പോള്‍ മൊബൈലോ, പേഴ്സോ, പാസ്പോര്‍ട്ടോ എടുത്തിട്ടില്ല. ഒക്ടോബര്‍ 17 ന് അദ്ദേഹം ഇവിടെയെത്തിയതു മുതല്‍ വീടിനകത്ത് താമസിക്കുകയായിരുന്നു.
ക്വറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം അബൂദബിയിലേക്ക് പോകേണ്ടതായിരുന്നു. അതുവരെ തങ്ങളുടെ കടയില്‍ ജോലിക്കു നില്‍ക്കുമെന്നും അവന് പറഞ്ഞിരുന്നതായി അല്‍താഫ് ഗള്‍ഫ് ന്യൂസിനോട് വ്യക്തമാക്കി. ഏതാനും വര്‍ഷങ്ങളായി ആഷിക് തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് അബുദാബിയിലെ ഒരു ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ അസിസ്റ്റന്റ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആ ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് കുറച്ചു കാലം ജോലിയില്ലായിരുന്നു. അതിനുശേഷം നാട്ടിലെത്തി ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. കോവിഡ് കാലത്ത് ആ ജോലി നഷ്ടപ്പെട്ടതോടെ സുഹൃത്തുക്കള്‍ വിസിറ്റ് വിസയില്‍ ആഷിഖിനെ ദുബയിലെത്തിച്ചത്.
സിസിടിവി ദൃശ്യത്തില്‍ ആഷിഖ്
നീലയും ചാരനിറവും കലര്‍ന്ന ടീഷര്‍ട്ടും ആഷ് കളര്‍ ട്രാക്ക് പാന്റുമാണ് പുറത്തേക്ക് പോവുമ്പോള്‍ ആഷിഖ് ധരിച്ചിരുന്നത്. ഏഴ് ബ്ലോക്കുകള്‍ അപ്പുറത്തുള്ള കെട്ടിടത്തിന് മുന്നില്‍കൂടി ആഷിഖ് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആഷിഖിന്റെ തിരോധാനത്തെക്കുറിച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പോലിസിലും സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ട്.