Monday, April 19, 2021
Home Gulf UAE യു.എ.ഇയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിയമ സ്ഥാപനങ്ങളോട് നീതിന്യായ മന്ത്രാലയം

യു.എ.ഇയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിയമ സ്ഥാപനങ്ങളോട് നീതിന്യായ മന്ത്രാലയം

അബൂദാബി: യു.എ.ഇയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ നിയമ സ്ഥാപനങ്ങളോട് നീതിന്യായ മന്ത്രാലയം. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ പരിഹരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായി, കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് 2018 ലെ ഫെഡറല്‍ ഡിക്രി 20, അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍, പ്രസക്തമായ മന്ത്രി തീരുമാനങ്ങള്‍ എന്നിവ പ്രകാരം കുറ്റവാളികള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനും നിയമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ സംഘടനകള്‍ക്കുള്ള ധനസഹായം, നിയമവിരുദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം എന്നിവക്കെതിരെയുള്ള പോരാട്ടം യു.എ.ഇ ശക്തമായി തുടരുന്നതായും നിയമലംഘകര്‍ക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കുന്നതിനെ ചെറുക്കുന്നതില്‍ നിയമ സ്ഥാപനങ്ങളുടെ പങ്കും, അതുപോലെ തന്നെ ഈ കുറ്റകൃത്യത്തിനെതിരെ പോരാടുന്നതിലും അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിലും ക്ലയന്റുകളെ കൈകാര്യം ചെയ്യുന്നതിലും സംശയാസ്പദമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ശരിയായ രേഖകള്‍ സൂക്ഷിക്കുന്നതിലും അഭിഭാഷകര്‍ അവരുടെ കടമ നിര്‍വഹിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഓര്‍മപ്പെടുത്തുന്നു. പ്രസക്തമായ നിയമനിര്‍മാണത്തിന്റെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംശയമുള്ളവരെ സംബന്ധിച്ച രേഖകളും സൂക്ഷിക്കണം. അതോടൊപ്പം കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ സ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ 200 നിയമ സ്ഥാപനങ്ങളെ ഒരു മാസത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും ബന്ധപ്പെട്ട നിയന്ത്രണങ്ങളും നടപടിക്രമങ്ങളും അനുസരിക്കാത്ത അഭിഭാഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ സ്ഥാപിച്ച നിയമ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഈ ഓഫിസുകള്‍ പരാജയപ്പെട്ടതായും കണ്ടെത്തിയിരുന്നു. തൊഴിലില്‍ ഏര്‍പ്പെടുന്നതിനുള്ള ലൈസന്‍സ് നിര്‍ത്തലാക്കുകയോ റദ്ദാക്കുകയോ ചെയ്യുക, 50,000 ദിര്‍ഹമില്‍ കുറയാത്തതും 50 ലക്ഷം ദിര്‍ഹമില്‍ കൂടാത്തതുമായ പിഴ ചുമത്തുമെന്ന്‌
നീതിന്യായ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റങ്ങള്‍ക്കെതിരായ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് അടുത്തിടെ സുപ്രീം സമിതിക്കു രൂപം നല്‍കിയിരുന്നു. യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി എച്ച്.എച്ച്.ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്റെ അധ്യക്ഷതയിലാണ് സുപ്രീം സമിതി പ്രവര്‍ത്തിക്കുന്നത്.

Most Popular