Tuesday, September 21, 2021
Home Gulf UAE അനര്‍ഹരെ കുത്തിത്തിരുകി പറക്കുന്ന വന്ദേഭാരത് മിഷന്റെ കാരുണ്യത്തിന് കാത്തുനില്‍ക്കാതെ കുഞ്ഞിക്ക ഹൃദയം പൊട്ടി മരിച്ചു

അനര്‍ഹരെ കുത്തിത്തിരുകി പറക്കുന്ന വന്ദേഭാരത് മിഷന്റെ കാരുണ്യത്തിന് കാത്തുനില്‍ക്കാതെ കുഞ്ഞിക്ക ഹൃദയം പൊട്ടി മരിച്ചു

ദുബൈ: സ്വന്തക്കാരെയും സ്വാധീനമുള്ളവരെയും അനധികൃതമായി കുത്തിത്തിരുകി പറക്കുന്ന വന്ദേഭാരത് മിഷന്‍ കുഞ്ഞിക്കയെപ്പോലുള്ള സാധാരണക്കാര്‍ക്ക് വിധിച്ചത് മരണം. നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത് കോണ്‍സുലേറ്റില്‍ നിന്നുള്ള വിളി കാത്തിരുന്ന കണ്ണൂര്‍ സ്വദേശി മണ്ണന്തകത്ത് മുഹമ്മദ് കുഞ്ഞി (70) യെ തേടി ഇന്നലെ മരണത്തിന്റെ വിളിയെത്തി.

ഹൃദയാഘാതം വന്ന് മരിക്കുന്നതിന് തൊട്ടുമുമ്പാണ് കോണ്‍സുലേറ്റില്‍ നിന്നുള്ള കോള്‍ വന്നത്. ആ വിളിയില്‍ എന്തായിരുന്നു എന്ന് ബന്ധുക്കള്‍ക്ക് കൃത്യമായി അറിയില്ല. എന്നാല്‍, സീറ്റ് ലഭിച്ചില്ലെന്ന ഞെട്ടലാണ് കുഞ്ഞിക്ക ഹൃദയം പൊട്ടി മരിക്കാനിടയാക്കിയതെന്നാണു കരുതുന്നത്.

ഷാര്‍ജ ഹംറിയ ഫ്രീസോണില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് കുഞ്ഞിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു. കടുത്ത പ്രമേഹ രോഗിയായ ഇദ്ദേഹം നാട്ടിലേക്കു പോകാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജോിയില്ലാത്തതും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ആദ്യ വിമാനത്തില്‍ തന്നെ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബിഎം ഷെട്ടിയുടെ സ്വന്തക്കാരെ ഉള്‍പ്പെടെ അനര്‍ഹരെ കുത്തിത്തിരുകി പറന്ന ആദ്യ വിമാനങ്ങളിലൊന്നും ഇടം കി്ട്ടിയില്ല. ഒടുവില്‍ 12ന് ദുബൈയില്‍ നിന്ന് സ്വന്തം നാടായ കണ്ണൂരിലേക്ക് പോകുന്ന വിമാനത്തില്‍ സീറ്റ് ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെ. അതിനുള്ള വിളികാത്തിരിക്കവേയാണ് മരണം. വിമാനത്തില്‍ സീറ്റ ലഭിക്കാത്ത സങ്കടമാണ് കുഞ്ഞിക്കയുടെ മരണത്തിലേക്ക് നയിച്ചതെന്നാണു സൂചന.

കണ്ണൂര്‍ വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ ഇറക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം പോലും ഈ വിമാനത്തില്‍ നാട്ടിലെത്തിക്കാനാവില്ല. ഫ്രീസോണ്‍ തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനും അവര്‍ക്കിടയില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും സജീവമായിരുന്ന കുഞ്ഞിക്ക പ്രവാസഭൂമിയിലും നാട്ടിലും നിരവധി ജീവകാരുണ്യ കൂട്ടായ്മകള്‍ക്കും പിന്തുണ നല്‍കിയിരുന്നു.

കണ്ണൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ വേക്കിന്റെ ആദ്യ കാല പ്രവര്‍ത്തകനുമാണ്.
ഭാര്യ: സക്കീന. മക്കള്‍: സബീല്‍, ഷജീല, സാജിദ്, ഷാഹിദ്. മരുമക്കള്‍: ഷാനിബ, മുഹമ്മദ് റാഷിദ്.

Most Popular