ദുബൈ: ഇന്ത്യയില്‍ നിന്നു ദുബയിലേക്കു വരുന്നവര്‍ കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന നിബന്ധന തുടരും. അതേസമയം, ദുബയിലേയ്ക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് കൂടുതല്‍ ഇളവു വരുത്തി പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ദുരന്തനിവാരണ സുപ്രിം കമ്മിറ്റിയാണ് സുരക്ഷാ മുന്കരുതലുകളില് വിട്ടുവീഴ്ചയില്ലാതെ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്.
ദുബയിലേയ്ക്ക് വരികയും ഇവിടെ നിന്ന് പോവുകയും ചെയ്യുന്നവര്‍, താമസ വീസക്കാര്‍, ടൂറിസ്റ്റ്, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനങ്ങള്‍.
പുതിയ നിബന്ധനകള്‍
വിദേശത്തുള്ള യുഎഇ സ്വദേശികള്‍ക്ക് ആ രാജ്യം ആവശ്യപ്പെടുന്നില്ലെങ്കില്‍ ദുബയിലേയ്ക്ക് തിരിച്ചുവരാന്‍ പിസിആര്‍ പരിശോധന ആവശ്യമില്ല. എന്നാല്‍, ദുബയിലെത്തിയാല് പരിശോധന നിര്‍ബന്ധമാണ്.
ചില രാജ്യങ്ങളില്‍ നിന്നു ദുബയിലേയ്ക്ക് വരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് പിസിആര്‍ പരിശോധന നടത്തണം. ട്രാന്‍സിറ്റ് യാത്രക്കാര്‍ വരുന്ന രാജ്യം നിഷ്കര്ഷിക്കുകയാണെങ്കില് പുറപ്പെടുന്നതിന് മുന്‍പും പിസിആര്‍ പരിശോധന നടത്തേണ്ടതാണ്.
സ്വദേശികള്‍, താമസ വിസക്കാര്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ ദുബയില്‍ നിന്ന് പുറപ്പെടുമ്പോള്‍, അവര്‍ പോകുന്ന രാജ്യം ആവശ്യപ്പെട്ടാല്‍ മാത്രം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതുക.