Monday, April 19, 2021
Home Gulf UAE യാത്രാ നിബന്ധനകള്‍ പാലിച്ചില്ല; വിസിറ്റ് വിസയിലെത്തിയ 50ലേറെ ഇന്ത്യക്കാര്‍ ഇപ്പോഴും ദുബൈ വിമാനത്താവളത്തില്‍

യാത്രാ നിബന്ധനകള്‍ പാലിച്ചില്ല; വിസിറ്റ് വിസയിലെത്തിയ 50ലേറെ ഇന്ത്യക്കാര്‍ ഇപ്പോഴും ദുബൈ വിമാനത്താവളത്തില്‍

ദോഹ: ആവശ്യമായ നിബന്ധനകള്‍ പാലിക്കാതെ വിസിറ്റ് വിസയിലെത്തിയ 50ലേറെ ഇന്ത്യക്കാര്‍ ഇപ്പോഴും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ശനിയാഴ്ച്ച ഡല്‍ഹിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ 90ഓളം പേരില്‍ 59 പേര്‍ ഇപ്പോഴും വിമാനത്താവളത്തിലുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ് കോണ്‍സല്‍ നീരജ് അഗര്‍വാള്‍ അറിയിച്ചു. ഇതിന് പുറമേ എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ ഏഴ് യാത്രക്കാരുമുണ്ട്.

നിലവില്‍ 66 ഇന്ത്യക്കാരാണ് വിമാനത്താവളത്തിലുള്ളതെന്നും ആവശ്യമായ നിബന്ധനകള്‍ പാലിച്ച് ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം സാധ്യമാക്കുകയോ നാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള സഹായം എംബസി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാധുവായ റിട്ടേണ്‍ ടിക്കേറ്റ്, ഹോട്ടല്‍ ബുക്കിങ്, ദുബയില്‍ താമസിക്കാനുള്ള ഫണ്ട് എന്നിവ ടൂറിസ്റ്റ്, വിസിറ്റ് വിസക്കാര്‍ കൈയില്‍ കരുതണമെന്ന് യുഎഇ സര്‍ക്കാര്‍ നിബന്ധന വച്ചിരുന്നു. ഇവ പൂര്‍ണമായും പാലിക്കാത്ത യാത്രക്കാരാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. വിഷയത്തില്‍ അതീവ ജാഗ്രതയോടെ എംബസി ഇടപെടുന്നുണ്ടെന്ന് നീരജ് അഗര്‍വാള്‍ അറിയിച്ചു.

ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വിസിറ്റ് വിസയിലെത്തുന്നവര്‍ക്കുള്ള നിബന്ധനകള്‍ കഴിഞ്ഞ ആഴ്ച്ച മുതലാണ് ദുബൈ കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയത്. നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഇതേതുടര്‍ന്ന് പ്രവേശനം നിഷേധിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗത്തേയും സ്വരാജ്യത്തേക്ക് തന്നെ തിരിച്ചയച്ചു. ഇന്ത്യക്കാര്‍ക്ക് പുറമേ 206 പാകിസ്താന്‍കാരും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

Most Popular