അബൂദബി: യുഎഇയില്‍ ക്ലാസുകള്‍, ശില്പശാല, സമ്മേളനം തുടങ്ങി ഓണ്‍ലൈനായി നടത്തുന്ന എല്ലാ പരിപാടികള്‍ക്കും 10 ദിവസം മുന്‍പു സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതി തേടണം. പരിപാടിയുടെ സ്വഭാവവും പ്രസംഗകരുടെ പാസ്പോര്‍ട്ടും പ്രൊഫൈലും സഹിതമാണു മന്ത്രാലയത്തിന് അപേക്ഷ നല്‍കേണ്ടത്. പുതിയ നിര്‍ദേശം വന്നതിനുശേഷം ഓണ്‍ലൈന്‍ പരിപാടികള്‍ കുറഞ്ഞതായാണ് റിപോര്‍ട്ട്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംഘടനകളുടെ പ്രവര്‍ത്തനം മാര്‍ച്ച് 12ന് നിര്‍ത്തിവച്ചിരുന്നു. ഇതോടെ, ഓണ്‍ലൈന്‍ വഴി പരിപാടികള്‍ ആരംഭിച്ചത്. നാട്ടിലെ പ്രമുഖരെ ചെലവില്ലാതെ പങ്കെടുപ്പിക്കാന്‍ ആകുമെന്നതിനാല്‍ കേരളത്തിലെ പ്രവാസി സംഘടനകള്‍ നിരവധി പരിപാടികള്‍ ഈ രീതിയില്‍ സംഘടിപ്പിച്ചിരുന്നു. സപ്തംബര്‍ 1 മുതല്‍ കോവിഡ് ചട്ടം പാലിച്ചു പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കിയെങ്കിലും ജനം കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ പരിപാടികള്‍ തന്നെ തുടരുകയായിരുന്നു.
ദുബയില്‍ കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി(സിഡിഎ)യും സമാന നിര്‍ദേശം അംഗീകൃത സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. 15 ദിവസം മുന്‍പ് പരിപാടിയുടെയും പ്രസംഗകരുടെയും വിശദാംശങ്ങള്‍ അടക്കം അപേക്ഷ നല്കി അനുമതി എടുക്കണം.
നേരിട്ടുള്ള പരിപാടികള്‍ക്ക് ഷാര്‍ജയില്‍ അനുമതി
ഷാര്‍ജ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അസോസിയേഷന് ഒന്നാം തീയതി മുതല്‍ നേരിട്ട് പരിപാടി നടത്താന്‍ അനുമതി ലഭിച്ചു. കമ്യൂണിറ്റി ഹാളില്‍ 100 പേര്‍ക്കും കോണ്‍ഫറന്‍സ് ഹാളില്‍ 20 പേര്‍ക്കും പങ്കെടുക്കാവുന്ന പരിപാടികള്‍ നടത്താം. പങ്കെടുക്കുന്നവരുടെ പേരും പാസ്പോര്‍ട്ട് നമ്പറും രേഖപ്പെടുത്താനും മേല്‍നോട്ടം വഹിക്കാനും നിരീക്ഷണ സമിതിക്കു രൂപം നല്‍കിയതായി പ്രസിഡന്റ് ഇ.പി. ജോണ്സണ് പറഞ്ഞു.