Wednesday, May 12, 2021
Home Ediotrs Pick യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ ലഗേജില്‍ അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതും ഇവയാണ്

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ ലഗേജില്‍ അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതും ഇവയാണ്

അബൂദബി: യുഇഎയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ കസ്റ്റംസ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി(എഫ്‌സിഎ) ആഹ്വാനം ചെയ്തു. ഞായറാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ യാത്രക്കാര്‍ക്ക് ലഗേജില്‍ കൊണ്ടു പോവാന്‍ അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. അറിവില്ലായ്മ കൊണ്ട് നിരവധി പേര്‍ക്ക് യാത്ര തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ പ്രത്യേക ബോധവല്‍ക്കരണ വീഡിയോയും അധികൃതര്‍ പുറത്തിറക്കി.

അനുവദനീയമായവ
സിനിമാ പ്രൊജക്ടറുകള്‍, റേഡിയോ-സിഡി പ്ലെയറുകള്‍, ഡിജിറ്റല്‍ കാമറകള്‍, ടിവിയും റിസീവറും(ഒരെണ്ണം), വ്യക്തിഗത സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, പോര്‍ട്ടബിള്‍ കംപ്യൂട്ടറുകളും പ്രിന്ററുകളും, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍(നിയന്ത്രണങ്ങള്‍ക്ക് വിധേയം).
യാത്രക്കാര്‍ കൈയില്‍ കരുതുന്ന സമ്മാനങ്ങളുടെ മൂല്യം 3,000 ദിര്‍ഹത്തില്‍ കൂടാന്‍ പാടില്ല. പരമാവധി 200 സിഗരറ്റുകള്‍ മാത്രമാണ് ലഗേജില്‍ കൊണ്ടു പോകാന്‍ അനുവദിക്കുക. 18 വയസ്സില്‍ താഴെയുള്ള യാത്രക്കാര്‍ പുകയില ഉല്‍പ്പന്നങ്ങളോ മദ്യമോ കൈയില്‍ കരുതാന്‍ പാടില്ല.
യുഎഇയിലേക്ക് വരുന്നവരും പോകുന്നവരുമായ യാത്രക്കാരുടെ കൈയില്‍ 60,000 ദിര്‍ഹത്തില്‍ കൂടുതല്‍ കറന്‍സിയോ വിലപിടിപ്പുള്ള ലോഹങ്ങളോ രത്‌നങ്ങളോ ഉണ്ടെങ്കില്‍ പ്രത്യേക ഫോമില്‍ വെളിപ്പെടുത്തണം.

നിരോധിക്കപ്പെട്ടതും നിയന്ത്രണമുള്ളതും
മയക്കുമരുന്ന്, ചൂതാട്ടത്തിനുള്ള ഉപകരണങ്ങള്‍,നൈലോണ്‍ കൊണ്ടുള്ള മീന്‍ വല, പന്നിവര്‍ഗത്തില്‍പ്പെട്ട മൃഗങ്ങള്‍, ആനക്കൊമ്പ്, ചുവന്ന ലൈറ്റുള്ള ലേസര്‍ പെന്‍, കള്ളനോട്ട്, ആണവ വികിരണമേറ്റ വസ്തുക്കള്‍, മതനിന്ദ ഉള്‍ക്കൊള്ളുന്നതോ അശ്ലീല ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ പുസ്തകങ്ങളും ചിത്രങ്ങളും, കല്‍ പ്രതിമകള്‍, വെറ്റില ഉള്‍പ്പെടെയുള്ള ചവയ്ക്കുന്ന വസ്തുക്കള്‍.

നിയന്ത്രണമുള്ള ചില വസ്തുക്കള്‍ അധികൃതരുടെ അനുമതിയോട് കൂടി കൊണ്ടുവരാനാവും. ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളം, കീടനാശിനി, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടക വസ്തുക്കള്‍, പടക്കം, മരുന്ന്, വൈദ്യ ഉപകരണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പുതിയ വാഹനത്തിന്റെ ടയറുകള്‍, വയര്‍ലസ് ഉപകരണങ്ങള്‍, മദ്യം, കോസ്‌മെറ്റിക്‌സ്, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത രത്‌നം, പുകയിലയില്‍ നിന്നുണ്ടാക്കിയ സിഗരറ്റ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളുടെ അനുമതി ഇതിന് ആവശ്യമാണ്.

ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക
സുരക്ഷിതവും തടസ്സവുമില്ലാത്ത യാത്രയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങളും എഫ്‌സിഎ മുന്നോട്ട് വച്ചു. അജ്ഞാതരുടെ കൈയില്‍ നിന്ന് ഉള്ളടക്കം അറിയാത്ത ലഗേജുകളോ ബാഗുകളോ സ്വീകരിക്കരുതെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ഉള്ളില്‍ എന്താണ് ഉള്ളതെന്ന് അറിയാതെ സുഹൃത്തുക്കളില്‍ നിന്ന് പോലും ബാഗ് കൈമാറ്റം ചെയ്യരുത്. അത്തരം ബാഗുകളില്‍ ചിലപ്പോള്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ പണമോ മറ്റ് വസ്തുക്കളോ ഉള്‍പ്പെട്ടേക്കാം. മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ഡോക്ടറുടെ അംഗീകൃത കുറിപ്പ് കൈയില്‍ കരുതണമെന്നും വിമാന കമ്പനികളും മറ്റും പ്രഖ്യാപിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും എഫ്‌സിഎ അറിയിച്ചു.

Most Popular