Saturday, July 24, 2021
Home Gulf UAE രണ്ടാമത്തെ താരത്തിനും കോവിഡ്; യുഎഇയില്‍ ഐപിഎലിന് ഒരുങ്ങുന്ന ചെന്നൈ ടീം ആശങ്കയില്‍

രണ്ടാമത്തെ താരത്തിനും കോവിഡ്; യുഎഇയില്‍ ഐപിഎലിന് ഒരുങ്ങുന്ന ചെന്നൈ ടീം ആശങ്കയില്‍

ദുബൈ: യുഎഇയില്‍ ഐപിഎലിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പ്രതിസന്ധിയിലാഴ്ത്തി ടീമിലെ രണ്ടാമത്തെ താരത്തിനും കോവിഡ്. പേസ് ബോളര്‍ ദീപക് ചാഹറിനു പിന്നാലെ യുവതാരം ഋതുരാജ് ഗെയ്ക്വാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കു പുറമെ ചെന്നൈ സംഘത്തില്‍പ്പെട്ട 12 ജീവനക്കാര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, സപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ 13ാം സീസണില്‍ മല്‍സരിക്കേണ്ട ചെന്നൈയുടെ ഒരുക്കങ്ങള്‍ താളംതെറ്റും. സപ്തംബര്‍ 19ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

ദീപക് ചാഹറിന് കോവിഡ് സ്ഥിരീകരിക്കുകയും സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ പ്രതിസന്ധിയിലായ ചെന്നൈ ടീമിനെ കൂടുതല്‍ പ്രയാസത്തിലാക്കിയിരിക്കുയാണ് ടീമിലെ മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചത്. ചാഹര്‍ ഉള്‍പ്പെടെ സംഘത്തില്‍പ്പെട്ട 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമംഗങ്ങളുടെ ക്വാറന്റീന്‍ കാലയളവ് സപ്തംബര്‍ ഒന്നുവരെ നീട്ടാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ബിസിസിഐ തയാറാക്കിയ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്ന താരങ്ങള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. ക്വാറന്റീന്‍ 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ആദ്യ പരിശോധന നടത്തും. പിന്നീട് 13ാം ദിവസവും 14ാം ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 14 മണിക്കൂറിനിടെ രണ്ടു പരിശോധനകളില്‍ കോവിഡ് ഫലം നെഗറ്റീവ് ആയെങ്കില്‍ മാത്രമേ ടീമിനൊപ്പം ചേരാന്‍ അനുവദിക്കൂ.

Most Popular