Friday, June 18, 2021
Home Gulf UAE യു.എ.യില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് അടിയന്തിര സഹായം എത്തിക്കണം: ഐ.സി.എഫ്

യു.എ.യില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് അടിയന്തിര സഹായം എത്തിക്കണം: ഐ.സി.എഫ്

ജിദ്ദ: സൗദി ഗവണ്മെന്റ് താല്‍കാലികമായി 20 രാജ്യങ്ങളില്‍ നിന്ന് യാത്രാ നിയന്ത്രണം ഏര്‍പെടുത്തിയതിനാല്‍, യു.എ.ഇയില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐ.സി.എഫ് ) സൗദി ദേശീയ സമിതി ആവശ്യപ്പെട്ടു. നേരത്തെ തന്നെ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍, വിവിധ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് മലയാളികള്‍ അടക്കമുള്ള പലരും സൗദിയിലേക്ക് മടങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗപ്പെടുത്തിയിരുന്നത് യു.എ.ഇ വഴിയുള്ള യാത്ര ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച സൗദി യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയ 20 രാജ്യങ്ങളില്‍ യു.എ.ഇയും ഉള്‍പെട്ടതിനാള്‍ ഈ താല്‍കാലിക മാര്‍ഗ്ഗവും അടഞ്ഞിരിക്കുകയാണ്. ഇത് മൂലം ആയിരകണക്കിന് മലയാളികളാണ് അവിടെ കുടുങ്ങി കിടക്കുന്നത്.

വിവിധ ട്രാവല്‍ ഏജന്‍സികള്‍ 15 ദിവസത്തെ പാക്കേജ് ആയാണ് ആളുകളെ യു.എ.ഇ യില്‍ എത്തിച്ചിട്ടുള്ളത്. യു.എ.ഇ വിസ 40 ദിവസം വരെ മാത്രമെ ലഭിക്കുകയുള്ളൂ. പാക്കേജില്‍ എത്തിയവര്‍ യു.എ.ഇ യിലെ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്. സൗദി വ്യോമ-,കര ഗതാഗതം പുനരാരംഭിക്കുന്നത് വരെ അവിടെ കഴിയാന്‍ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. നാട്ടിലേക്ക് തിരികെ പോകാന്‍ വിമാന ടിക്കറ്റ് ചാര്‍ജ്ജും വേണ്ടി വരുന്നു. ഗതാഗതം ആരംഭിക്കുന്നത് വരെ നോര്‍ക്കയുടെ നേതൃത്വത്തില്‍ താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകണം. ഇതിന് നയതന്ത്ര, സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ കുടുങ്ങി കിടക്കുന്നവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് വിമാന സര്‍വീസ് ഒരുക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ തയ്യാറാവണം.

സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന 14 ദിവസത്തെ അന്യരാജ്യ കോറന്റയിന്‍ സംവിധാനം ഒഴിവാക്കി, എയര്‍ ബബ്ള്‍ കാരാറിലൂടെ സൗദി പ്രവേശന വിലക്ക് ഒഴിവാക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ ശ്രമങ്ങള്‍ പുതുതായി ഏര്‍പെടുത്തിയ താത്കാലിക നിയന്ത്രണങ്ങള്‍ക്ക് ആശ്വാസമാവുമെന്ന് ഐ.സി.എഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷം വഹിച്ചു. ബഷീര്‍ എറണാകുളം, മുജീബ് എ.ആര്‍.നഗര്‍, നിസാര്‍ കാട്ടില്‍, അഷ്റഫ് അലി, ബഷീര്‍ ഉള്ളണം, സലിം പാലച്ചിറ, അബൂസ്വാലിഹ് മുസ്ലിയാര്‍, അബ്ദു റഷീദ് സഖാഫി മുക്കം, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, സുബൈര്‍ സഖാഫി, അബ്ദുസ്സലാം വടകര, സിറാജ് കുറ്റ്യാടി, മുഹമ്മദലി വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

Most Popular