Tuesday, June 15, 2021
Home Gulf UAE അബൂദാബിയില്‍ സ്കൂളുകള്‍ ജനുവരി മൂന്നിന് പുനരാരംഭിക്കും; തിരികെയെത്താന്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

അബൂദാബിയില്‍ സ്കൂളുകള്‍ ജനുവരി മൂന്നിന് പുനരാരംഭിക്കും; തിരികെയെത്താന്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബൈ: അബൂദാബിയിലെ സ്‌കൂളുകള്‍ ജനുവരി മൂന്നിന് പുനരാരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. എമിറേറ്റിലെ സ്വകാര്യ സ്‌കൂള്‍ റെഗുലേറ്ററായ അബൂദബി നോളജ് വകുപ്പാണ് (അഡെക്) സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചത്. ക്രിസ്മസ് അവധിക്കാലത്തിനു ശേഷം അധ്യയനം പുനരാരംഭിക്കും മുമ്പായി തങ്ങള്‍ വൈറസ് ബാധിതരല്ലെന്ന് സ്‌കൂള്‍ ജീവനക്കാരും അധ്യാപകരും തെളിയിക്കണം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാഫുകള്‍ക്കും സൗജന്യ പരിശോധന കൃത്യസമയത്ത് നടത്താമെന്ന് ഉറപ്പുവരുത്താന്‍ അഡെക് എമിറേറ്റിലുടനീളമുള്ള സ്വകാര്യ, ചാര്‍ട്ടര്‍ സ്‌കൂളുകള്‍ക്ക് പി.സി.ആര്‍ ടെസ്റ്റിങ് ഷെഡ്യൂളുകള്‍ അയച്ചിട്ടുണ്ട്. അബൂദബിയിലെ പബ്ലിക് ഹെല്‍ത്ത് ഓപറേറ്ററായ സെഹ നടത്തുന്ന ചില സ്‌ക്രീനിങ് സെന്ററുകളില്‍ 21 മുതല്‍ 31 വരെ ഓരോ സ്‌കൂളിനും നിശ്ചിത ദിവസങ്ങളിലായി സൗജന്യ കോവിഡ് -19 പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്താമെന്നും അധികൃതര്‍ അറിയിച്ചു.

സൗജന്യ ടെസ്റ്റ് ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡിയും സ്‌കൂള്‍ കോഡും പരിശോധന കേന്ദ്രത്തില്‍ ഹാജരാക്കണം. കോഡ്, സ്ഥാനം, സമയം, തീയതി വിശദാംശങ്ങള്‍ ലഭിക്കാന്‍ മാതാപിതാക്കള്‍ക്ക് സ്‌കൂളുകളുമായി ബന്ധപ്പെടാം. സ്വന്തമായി പി.സി.ആര്‍ ടെസ്റ്റ് എടുക്കാന്‍ തീരുമാനിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാഫുകള്‍ക്കും സ്വന്തം ചെലവില്‍ ഒരു സ്വകാര്യ അല്ലെങ്കില്‍ പൊതുആരോഗ്യ സംരക്ഷണ കേന്ദ്രത്തില്‍ പരിശോധന നടത്താം. എങ്കിലും ഡിസംബര്‍ 21 മുതലുള്ള പരിശോധനകളാണ് പരിഗണിക്കുന്നത്. അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും ആഴ്ചതോറുമുള്ള പരിശോധന തുടരുമെന്നും അഡെക് അറിയിച്ചു. വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും ജനുവരിയില്‍ അബൂദബിയിലെ സ്‌കൂളുകളിലേക്ക് മടങ്ങിയെത്താമെന്ന് എമിറേറ്റിലെ സ്വകാര്യ സ്‌കൂള്‍ റെഗുലേറ്റര്‍ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നേരത്തേ ഇത്തരം കുട്ടികള്‍ സ്‌കൂളുകളിലേക്ക് വരുന്നത് വിലക്കിയിരുന്നു. അബൂദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പാണ് വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളുള്ള വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ സ്‌കൂളുകളില്‍ 2021 ജനുവരി മൂന്നു മുതല്‍ മടങ്ങിയെത്താന്‍ അവസരമൊരുക്കിയതായി അറിയിച്ചത്. മടങ്ങിവരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് തിരികെയെത്താന്‍ യോഗ്യരാണെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അപകടസാധ്യതകള്‍ മനസ്സിലാക്കുന്നതായി കാണിച്ച് രക്ഷിതാക്കളും സമ്മതപത്രം സമര്‍പ്പിക്കണം. എല്ലാ വിദ്യാര്‍ഥികള്‍ക്കും സുരക്ഷിതമായി സ്‌കൂളിലേക്ക് മടങ്ങിവരാന്‍ എമിറേറ്റിലെ ആരോഗ്യ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും അബൂദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ചൂണ്ടിക്കാട്ടി.

Most Popular