Friday, September 24, 2021
Home Gulf UAE ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി; ടിക്കറ്റ് നിരക്ക് 1000 ദിര്‍ഹം

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി; ടിക്കറ്റ് നിരക്ക് 1000 ദിര്‍ഹം

ദുബയ്: കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താനൊരുങ്ങുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ചാര്‍ട്ടേഡ് വിമാനത്തിന് ഔദ്യോഗിക തലത്തിലുള്ള അവസാന അനുമതിയും ലഭിച്ചു. അഞ്ചു ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ക്കുള്ള അനുമതിയാണ് ലഭിച്ചത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. കൊച്ചിയിലേക്ക് രണ്ടു സര്‍വീസും ബാക്കി വിമാനത്താവളങ്ങളിലേക്ക് ഓരോ സര്‍വീസുമാണ് ഉണ്ടാവുക. 1050 ദിര്‍ഹമോ അതില്‍ താഴെയോ ഈടാക്കിയായിരിക്കും സര്‍വീസ് നടത്തുക എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

175ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. എഴുന്നൂറ്റിയമ്പതിലധികം പേര്‍ ആദ്യഘട്ടത്തില്‍ ഷാര്‍ജ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വഴി, കേരളത്തിലേക്ക് പറക്കുമെന്ന് കോഓര്‍ഡിനേറ്ററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും ഇന്‍കാസ് ഷാര്‍ജ പ്രസിഡണ്ടുമായ അഡ്വ. വൈ എ റഹിം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ഇതിന്റെ ഭാഗമായുള്ള രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും. അങ്ങിനെയെങ്കില്‍ ആദ്യ സര്‍വീസ് ഒരാഴ്ചയ്ക്കുള്ളില്‍ പറന്നുയരും. മറ്റു സംഘടനകളുടെ ചാര്‍ട്ടേഡ് വിമാന ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍, കുറഞ്ഞ നിരക്കാണ് അസോസിയേഷന്റേത്. വേണ്ടിവന്നാല്‍, ആയിരം ദിര്‍ഹത്തില്‍ താഴേയ്ക്കും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനും ചില ആലോചനകളുണ്ട്.

തുടര്‍നടപടികള്‍ക്കായി അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി നാളെ ഷാര്‍ജയില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ അറിയിക്കുമെന്ന് പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ പറഞ്ഞു. കേരളത്തിന് പുറമേ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കും ചാര്‍ട്ടേഡ് വിമാനത്തിന് ഔദ്യോഗികതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Sharjah inidan association charter flight


 

Most Popular