Saturday, June 19, 2021
Home Gulf UAE ദേഹത്തു തുപ്പി പോക്കറ്റടിക്കുന്നവര്‍ വിലസുന്നു; പ്രവാസികള്‍ സൂക്ഷിക്കുക

ദേഹത്തു തുപ്പി പോക്കറ്റടിക്കുന്നവര്‍ വിലസുന്നു; പ്രവാസികള്‍ സൂക്ഷിക്കുക

ഷാര്‍ജ: വിവിധ തന്ത്രങ്ങള്‍ ഉപയോഗിച്ച് പോക്കറ്റടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ഷാര്‍ജ പോലിസ്. സഹായ വാഗ്ദാനങ്ങള്‍ നല്‍കി സമീപിക്കുന്നവരെ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള സാധനങ്ങള്‍ വാഹനങ്ങളില്‍ വച്ചു പോകരുതെന്നും നിര്‍ദേശിച്ചു. ദേഹത്തു തുപ്പി ശ്രദ്ധ മാറ്റിയശേഷമുള്ള പോക്കറ്റടി, സൈക്കിളിലെത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെടല്‍, കാറിന്റെ ടയര്‍ പഞ്ചര്‍ ആയെന്നു തെറ്റിദ്ധരിപ്പിച്ച് ഇറങ്ങി നോക്കുന്നതിനിടെ വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിയെടുക്കുക തുടങ്ങിയവ പതിവു രീതികളാണെന്നു സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഉമര്‍ സുല്‍ത്താന്‍ ബുവാല്‍സൂദ് പറഞ്ഞു.

ബാങ്കില്‍ പോകുമ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോഴും കൂടുതല്‍ കരുതല്‍ വേണം. തിരക്കുള്ള സ്ഥലങ്ങളില്‍ ആരെങ്കിലും ദേഹത്തു തുപ്പുകയോ തുമ്മുകയോ ചെയ്താല്‍ പോക്കറ്റടിയുടെ സൂചനയായി കാണാം. ഇര പകച്ചുനില്‍ക്കുമ്പോള്‍ സംഘത്തിലെ ഒരാള്‍ പോക്കറ്റില്‍ നിന്നു പഴ്‌സ് എടുത്ത് ഓടി രക്ഷപ്പെടുന്നു. ബാങ്കില്‍ നിന്നും ഇതര ധനവിനിമയ സ്ഥാപനങ്ങളില്‍ നിന്നും പണവുമായി പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വേണ്ടത്ര സുരക്ഷയില്ലാതെ കൂടുതല്‍ തുകയുമായി യാത്ര ചെയ്യരുത്.

-പണമോ വിലപിടിപ്പുള്ള സാധനങ്ങളോ മറ്റുള്ളവരെ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

-എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. പുറത്തിറങ്ങി പണം എണ്ണി നോക്കുന്നത് സുരക്ഷിതമല്ല.

-ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളില്‍ പിന്‍ നമ്പര്‍ എഴുതിവയ്ക്കരുത്. കാര്‍ഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും വേണം.

-പാന്റ്‌സിന്റെ പിന്നിലെ പോക്കറ്റില്‍ പഴ്‌സ് സൂക്ഷിക്കാതിരിക്കുക.

-പണമടങ്ങിയ ബാഗും വിലപിടിച്ച സാധനങ്ങളും വാഹനങ്ങളില്‍ വച്ചു പോകാതിരിക്കുക. വാഹനങ്ങള്‍ വെളിച്ചമുള്ള സ്ഥലത്തു പാര്‍ക്ക് ചെയ്യാനും ശ്രദ്ധിക്കണം.

-വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടശേഷം എടിഎമ്മിലും കടയിലും മറ്റും പോകാതിരിക്കുക.

-തട്ടിപ്പിനിരയായാല്‍ ഉടന്‍ പോലിസിനെ അറിയിക്കുക.

Most Popular