ഷാര്‍ജ: പാര്‍ക്കിങ് ഫീസ് അടക്കുന്നതിനായി ടച്ച്സ്ക്രീന്‍ സാങ്കേതികവിദ്യയുള്ള 400ല്‍ അധികം നൂതന ഉപകരണങ്ങള്‍ ഷാര്‍ജ മുനിസിപ്പാലിറ്റി പുറത്തിറക്കി. ടച്ച് സ്ക്രീന്‍ പാര്‍ക്കിങ് മീറ്ററില്‍ റെക്കോഡുചെയ്ത വാഹന നമ്പറുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന നൂതന കാമറകളും സ്മാര്‍ട്ട് സ്ക്രീനിങ് വാഹനങ്ങളില്‍ സംവിധാനം ചെയ്തിട്ടുണ്ട്. എല്ലാ സേവനങ്ങളും ഡിജിറ്റലിലേക്ക് മാറ്റുവാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇവ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതെന്ന് നഗരസഭ ഡയറക്ടര്‍ ജനറല്‍ താബിത് സലീം അല്‍ താരിഫി പറഞ്ഞു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാനും അവരുടെ സമയവും ഊര്‍ജവും ലാഭിക്കാനും സാധിക്കും.
ഈ ലക്ഷ്യം കൈവരിക്കുന്നതിന് സിവില്‍ ബോഡിയുടെ എല്ലാ വകുപ്പുകളും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്ന് താരിഫി പറഞ്ഞു. ഷാര്‍ജ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ 8519 പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ മുനിസിപ്പാലിറ്റിക്കുണ്ടെന്ന് ഉപഭോക്തൃ സേവന മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി പറഞ്ഞു.