Friday, May 14, 2021
Home Gulf UAE കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം യുഎഇയിലെ കമ്പനികള്‍ തിരിച്ചുകൊടുക്കുന്നു

കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം യുഎഇയിലെ കമ്പനികള്‍ തിരിച്ചുകൊടുക്കുന്നു

ദുബൈ: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ കോവിഡ് കാലത്ത് വെട്ടിക്കുറച്ച തൊഴിലാളികളുടെ ശമ്പളം തിരിച്ചു നല്‍കിത്തുടങ്ങി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ നിരവധി കമ്പനികള്‍ 30 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ദാനൂബ് ഗ്രൂപ്പ്, എല്‍പിഎച്ച് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബാഫ്‌ലെ ജ്വല്ലറി തുടങ്ങിയവ ഈ രീതിയില്‍ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുകയോ തിരിച്ചു കൊടുക്കുകയോ ചെയ്ത കമ്പനികളില്‍ ഉള്‍പ്പെടുമെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

ദാനൂബ് ഗ്രൂപ്പ് കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തില്‍ 30 ശതമാനം വരെ കുറവ് വരുത്തിയിരുന്നു. കമ്പനി ജൂണില്‍ ജീവനക്കാരുടെ ശമ്പളം പഴയ നിലയിലാക്കിയിരുന്നു. എന്നാല്‍, ഏപ്രില്‍, മെയ് മാസത്തില്‍ കുറവ് വരുത്തിയ ശമ്പളം കൂടി ഇപ്പോള്‍ തിരിച്ചു നല്‍കിയതായി ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ പറഞ്ഞു. 350ഓളം ജീവനക്കാരെ കമ്പനി പുതുതായി റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്റ് ഇന്‍ഷുറന്‍സ് കമ്പനി ഒരു ചുവട് കൂടി കടന്ന ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് 20 ശതമാനം പേരുടെ ശമ്പളമാണ് കമ്പനി കുറച്ചത്. അത് ഇപ്പോള്‍ പുനസ്ഥാപിക്കുകയും ജീവനക്കാരുടെ വൈദഗ്ധ്യത്തിന് അനുസരിച്ച് പ്രമോഷന്‍ നല്‍കുകയും ചെയ്തതായി കമ്പനി ഉടമ ലീന പര്‍വാനി പറഞ്ഞു. കോവിഡ് കാലത്ത് ഡോക്യുമെന്റ് കണ്‍ട്രോള്‍, പേമെന്റ് കലക്ഷന്‍, മെസന്‍ജര്‍ ബോയ് തുടങ്ങിയ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി ഇല്ലാതായിരുന്നു. എന്നാല്‍, അവരെ പിരിച്ചുവിടുന്നതിന് പകരം ശമ്പളം 40 ശതമാനം കുറച്ചു. തുടര്‍ന്ന് മറ്റു മേഖലകളില്‍ അവര്‍ക്ക് പരിശീലനം നല്‍കുകയും പുനര്‍വിന്യസിക്കുകയും ചെയ്തു. പിന്നീട് അവരില്‍ ചിലര്‍ക്ക് 15 ശതമാനം ശമ്പള വര്‍ധന നല്‍കിയതായും അവര്‍ വ്യക്തമാക്കി.

കോവിഡ് കാലത്ത് 25 ശതമാനം വെട്ടിക്കുറച്ച ശമ്പളം ഇപ്പോള്‍ പുനസ്ഥാപിച്ചതായി ബാഫ്‌ലെ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ചിരാഗ് രമേഷ് വോറ പറഞ്ഞു. കോവിഡ് ഏറ്റവും ദോഷകരമായി ബാധിച്ച മേഖലയാണ് ജ്വല്ലറികള്‍ എന്നതിനാല്‍ നേരത്തേ കുറച്ച ശമ്പളം തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ദീപാവലിക്ക് ശേഷം അക്കാര്യത്തില്‍ പുനരാലോചന ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരുടെ സംതൃപ്തിയാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു. ദുബൈയിലെ നിരവധി കമ്പനികള്‍ സമാനമായ രീതിയില്‍ ശമ്പളം പുനസ്ഥാപിക്കുകയും മടക്കി നല്‍കുകയും ചെയ്യുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.
Some UAE companies are returning staff salaries cut during COVID-19


 

Most Popular