News Flash
X
അബുദാബിയിലെ ഹിന്ദു ക്ഷേത്രം: ശിലകളുടെ കൊത്തുപണികൾ പൂർത്തിയായി

അബുദാബിയിലെ ഹിന്ദു ക്ഷേത്രം: ശിലകളുടെ കൊത്തുപണികൾ പൂർത്തിയായി

personSJ access_timeWednesday November 11, 2020
HIGHLIGHTS
ശിലകള്‍ ഇന്ത്യയില്‍ നിന്ന് 2021 മാര്‍ച്ചോടെ യുഎഇയിലെത്തിക്കും. കൊത്തുപണികളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

അബുദാബി: അബുദാബിയിലെ അബൂമുറൈഖയില്‍ നിര്‍മിക്കുന്ന ഹിന്ദു ക്ഷേത്ര സമുച്ചയത്തിന്റെ ശിലകളുടെ കൊത്തുപണികള്‍ പൂര്‍ത്തിയായി. അക്ഷര്‍ധാം മാതൃകയില്‍ പൂര്‍ണമായും ഇന്ത്യയില്‍ കൊത്തിയെടുത്ത ശിലകളുടെ മിനുക്കുപണികള്‍ തീര്‍ന്നുകൊണ്ടിരിക്കയാണ്. മാര്‍ച്ചില്‍ ശിലകളുടെ പണികള്‍ പൂര്‍ത്തിയാക്കി അബുദാബിയില്‍ എത്തിച്ചു കൂട്ടിച്ചേര്‍ക്കുന്നതോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ണ്ണമാകും. ശിലകള്‍ ഇന്ത്യയില്‍ നിന്ന് 2021 മാര്‍ച്ചോടെ യുഎഇയിലെത്തിക്കും. കൊത്തുപണികളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ക്ഷേത്രത്തിന്റെ സമ്പൂര്‍ണ രൂപ രേഖ ഈ വര്‍ഷമാദ്യം പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ബിഎപിഎസ് ഹിന്ദു മന്ദിര്‍ വക്താവ് അശോക് കൊടെച്ച പറഞ്ഞു. 707 ചതുരശ്ര മീറ്റര്‍ ശിലകളില്‍ പുരാണ കഥകളുടെ ശില്‍പാവിഷ്‌കാരമാണ് പൂര്‍ത്തിയായത്. ആന, മയില്‍, ഒട്ടകം, കുതിര, നര്‍ത്തകര്‍, സംഗീതജ്ഞര്‍, സംഗീത ഉപകരണങ്ങള്‍ എന്നിവ ശിലയില്‍ ഇടംപിടിച്ചിട്ടുണ്ട്. 55,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പൂര്‍ണമായും ശിലകളിലാണ് ക്ഷേത്രം ഉയരുക. നിര്‍മാണത്തിന് സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കില്ല.

ക്ഷേത്ര നിര്‍മാണത്തിലെ പരമ്പരാഗത രീതികള്‍ പൂര്‍ണമായി പാലിച്ചുള്ള പണികള്‍ 2022ല്‍ പൂര്‍ത്തിയാകും. ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദിയും ഇതോട് അനുബന്ധിച്ചുണ്ടാകും. സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠനമേഖലകള്‍, ഉദ്യാനങ്ങള്‍, കായിക കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍, ഗ്രന്ഥശാല തുടങ്ങിയവയും സജ്ജമാക്കും.ഇന്ത്യ- യുഎഇ ചരിത്രബന്ധത്തിന്റെയും പൈതൃകത്തനിമകളുടേയും പ്രതീകമായിരിക്കും ഇത്. ബാപ്‌സ് സ്വാമി നാരായണ്‍ സന്‍സ്തയുടെ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് മേധാവി സ്വാമി ബ്രഹ്മവിഹാരിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. 25,000 ക്യുബിക് അടി വരുന്ന ശിലകള്‍ രാജസ്ഥാനിലെയും ഗുജറാത്തിലെയും വിവിധ ഇടങ്ങളില്‍ നിന്നുള്ളവയാണ്. ഇറ്റലിയില്‍ നിന്നാണ് മാര്‍ബിള്‍ എത്തിക്കുന്നത്. ഡിപി വേള്‍ഡും ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ശിലകള്‍ യുഎഇയിലെത്തിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും കൊടെച്ച പറഞ്ഞു.

SHARE :
folder_openTags
content_copyCategory
UAE