Friday, May 14, 2021
Home Gulf UAE വേഗപ്പോരിന് അബൂദബി യാസ്​ മറീന സര്‍ക്യൂട്ടില്‍ തുടക്കം; ഹാമില്‍ട്ടണ്‍ തിരിച്ചെത്തി

വേഗപ്പോരിന് അബൂദബി യാസ്​ മറീന സര്‍ക്യൂട്ടില്‍ തുടക്കം; ഹാമില്‍ട്ടണ്‍ തിരിച്ചെത്തി

അബൂദബി: കാറുകളുടെ വേഗപ്പോരിന് അബൂദബി യാസ് മറീന സര്‍ക്യൂട്ടില്‍ തുടക്കം. കോവിഡ് മുക്തനായ മുന്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ തിരിച്ചുവന്ന തോടെ വേഗപ്പോരിന് ആവേശം കൂടി. ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിയുടെ ആദ്യ ദിനമായ ഇന്നലെ പരിശീലന മത്സരങ്ങള്‍ നടന്നു. ഇന്ന് യോഗ്യത റൗണ്ടും നാളെ ഫൈനല്‍ മത്സരവും നടക്കും.

പരിശീലനത്തില്‍ അഞ്ചാമനായാണ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്തത്. മാക്‌സ് വെര്‍സ്റ്റാപ്പെന്‍ ഒന്നാമതെത്തിയപ്പോള്‍ വാള്‍ട്ടെറി ബോട്ടാസും ഇസ്തിബാന്‍ ഒകോനും പിന്നാലെയെത്തി. കഴിഞ്ഞ രണ്ട് സീസണിലും ജേതാവായ ഹാമില്‍ട്ടണ് ബഹ്‌റൈനില്‍ നടന്ന ഗ്രാന്‍ഡ്പ്രിക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അബൂദബിയില്‍ താരം ട്രാക്കിലിറങ്ങുമോ എന്ന കാര്യം സംശയമായിരുന്നു. ആശങ്കകള്‍ അസ്ഥാനത്താക്കിയാണ് വെള്ളിയാഴ്ച പരിശീലന മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് കാണികളെത്തിയ മത്സരം ഇക്കുറി അടച്ചിട്ട ട്രാക്കിലാണ് നടക്കുന്നത്. അതേസമയം, കോവിഡിനെതിരായ പ്രതിരോധ നിരയില്‍ പ്രവര്‍ത്തിച്ച മുന്നണി പോരാളികള്‍ക്ക് കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. 600ഓളം പേര്‍ക്കാണ് ഞായറാഴ്ചത്തെ ഫൈനല്‍ കാണാന്‍ അവസരം നല്‍കുക. എത്തിഹാദ് എയര്‍വേസാണ് മുഖ്യ സ്‌പോണ്‍സര്‍മാര്‍. തുടര്‍ച്ചയായ 12ാം വര്‍ഷമാണ് ചാമ്ബ്യന്‍ഷിപ്പിന് അബൂദബി ആതിഥ്യമരുളുന്നത്. ഞായറാഴ്ച വൈകീട്ട് 5.10 മുതല്‍ രാത്രി 7.10 വരെയാണ് ഫൈനല്‍ റൗണ്ട്.

Most Popular