Tuesday, September 28, 2021
Home Newsfeed കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എളുപ്പമായി

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എളുപ്പമായി

ദുബൈ: വിദേശരാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിക്കാന്‍ അനുമതി. ഇതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെയും നാട്ടിലെയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചതോടെയാണ് മൃതദേഹം വിമാന മാര്‍ഗം എത്തിക്കാന്‍ വഴിതെളിഞ്ഞത്. യുഎഇയില്‍ നിന്നുള്ള ആദ്യ മൃതദേഹം തിങ്കളാഴ്ച കേരളത്തില്‍ എത്തിച്ച് സംസ്‌കരിച്ചു.

വിസിറ്റ് വിസയിലെത്തിയ നിലമ്പൂര്‍ സ്വദേശിയുടെ മൃതദേഹമാണ് യുഎഇയില്‍ നിന്ന് ആദ്യമെത്തിയത്. യുഎഇയിലെ ഹംപാസ് വളന്റിയേഴ്‌സിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഒരാഴ്ച മുന്‍പ് ഖത്തറില്‍നിന്നുള്ള മൃതദേഹവും കേരളത്തില്‍ എത്തിച്ചിരന്നു.

കോവിഡ് മൂലം വിദേശ രാജ്യങ്ങളില്‍ മരിച്ച പ്രിയപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍പോലും നടത്താന്‍ സാധിക്കാത്തത് പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ കോവിഡ് മരണങ്ങളുടെ കണക്കെടുക്കുന്ന സാഹചര്യത്തില്‍, വിദേശത്ത് മരിച്ചവരെയും പട്ടികയില്‍ ഉള്‍പെടുത്താന്‍ ഈ നടപടി ഉപകരിക്കും.

മൃതദേഹ പരിശോധനയില്‍ പോസിറ്റീവായാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് നിരവധി തടസ്സങ്ങളുണ്ടായിരുന്നു. ഇതു മൂലമാണ് പലരും മൃതദേഹം നാട്ടിലേക്ക് അയക്കാതെ വിദേശത്ത് തന്നെ സംസ്‌കരിച്ചിരുന്നത്.

എംബാമിങ്ങിന് പകരം സ്റ്റെറിലൈസേഷന്‍ ചെയ്താല്‍ വിമാനങ്ങളില്‍ മൃതദേഹം അയക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. രണ്ടുമാസം മുന്‍പ് യുഎഇ ആരോഗ്യ മന്ത്രാലയം സ്റ്ററിലൈസേഷന്റെ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇതോടെയാണ് മൃതദേഹങ്ങള്‍ അയക്കാന്‍ വഴിതെളിഞ്ഞത്.

എന്നാല്‍, എംബാമിങ് ചെയ്യാത്തതിനാല്‍ മൃതദേഹം അഴുകാന്‍ സാധ്യതയുണ്ട്. അതിനാല്‍, നാട്ടിലെത്തുമ്പോള്‍ പെട്ടി തുറക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ഇവര്‍ പറയുന്നു. യുഎഇയില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ മാത്രമാണ് ഇത്തരത്തില്‍ മൃതദേഹം എത്തിക്കുന്നത്. കേരളത്തിലെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും സംസ്‌കാരം.
ALSO WATCH

Most Popular