Friday, June 25, 2021
Home Gulf UAE യുഎഇ എക്‌സ്‌ചേഞ്ചില്‍ പണം തിരികെ നല്‍കിത്തുടങ്ങി; മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കാത്തിരിപ്പ് തുടരുന്നു

യുഎഇ എക്‌സ്‌ചേഞ്ചില്‍ പണം തിരികെ നല്‍കിത്തുടങ്ങി; മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കാത്തിരിപ്പ് തുടരുന്നു

ദുബയ്: നിയമപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച യുഎഇ എക്‌സ്‌ചേഞ്ച് ഇടപാടുകാരുടെ പണം തിരിച്ചു കൊടുത്തു തുടങ്ങി. പ്രവര്‍ത്തനം നിലക്കും മുമ്പ് പണം അയക്കുകയും എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്താതിരിക്കുകയും ചെയ്തവരുടെ പണമാണ് തിരിച്ചു കൊടുക്കുന്നത്. ഉപയോക്താക്കളുടെ താല്‍പര്യമനുസരിച്ച് നാട്ടിലെ അക്കൗണ്ടിലേയ്ക്ക് അയക്കുകയോ ഇവിടെ കൈമാറുകയോ ആണ് ചെയ്യുന്നത്. പലരും തങ്ങളുടെ പണം തിരിച്ചു കിട്ടുന്നതിനായി രണ്ടു മാസത്തോളമായി കാത്തിരിക്കുകയായിരുന്നു. ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യവും സ്വീകരിച്ച 20,000 ദിര്‍ഹത്തില്‍ കുറഞ്ഞ തുകകളാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാതൃ കമ്പനിയായ ഫിന്‍ബ്ലര്‍ നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 18ന് സെന്‍ട്രല്‍ ബാങ്കിന്റെ നിരീക്ഷണത്തിലായിരുന്നു. കോടിക്കണക്കിന് ദിര്‍ഹത്തിന്റെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഷെട്ടി ഇന്ത്യയിലേക്കു മുങ്ങുകയായിരുന്നു. പ്രശ്‌നപരിഹാരത്തിനായി സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട് എന്നാണ് വിവരം. എന്നാല്‍, എക്‌സ്‌ചേഞ്ച് അധികൃതര്‍ ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ബി ആര്‍ ഷെട്ടി ഇപ്പോള്‍ കര്‍ണാടക മഗളൂരുവിലാണ് ഉള്ളത്.

മലയാളികളടക്കമുള്ള ജീവനക്കാര്‍ കാത്തിരിക്കുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുഎഇ എക്‌സ്‌ചേഞ്ച് കമ്പനിയില്‍ മലയാളികളടക്കം 15,000ത്തോളം പേരാണ് ജോലി ചെയ്തിരുന്നത്. ഏഴായിരത്തോളം മലയാളികളില്‍ മിക്കവരും വിവിധ ശാഖകളിലായിരുന്നു. അബൂദബി ആസ്ഥാനത്തെ 300 ജീവനക്കാരില്‍ 200 പേരും മലയാളികളാണ്. ജീവനക്കാര്‍ മുഴുവന്‍ മാര്‍ച്ച് പകുതി മുതല്‍ ജോലിയില്ലാതെ പ്രശ്‌നപരിഹാരം കാത്ത് വീട്ടിലിരിക്കുകയാണ്.

എല്ലാവര്‍ക്കും പകുതി ശമ്പളമാണ് ഇപ്പോള്‍ ലഭിച്ചിരികൊണ്ടിരിക്കുന്നത്. ഏപ്രില്‍ വരെയുള്ള ശമ്പളം ലഭിച്ചിരുന്നു. മേയിലെ ശമ്പളത്തെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരിലൊരാള്‍ പറഞ്ഞു.

The UAE Exchange Centre has started issuing refunds


 

Most Popular