Monday, June 14, 2021
Home News Kerala സ്വര്‍ണക്കടത്തില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് പങ്കെന്ന് സംശയം; യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണം

സ്വര്‍ണക്കടത്തില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് പങ്കെന്ന് സംശയം; യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണം

ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ്അന്വേഷണം നീളുന്നതായാണ് റിപോര്‍ട്ട്. വിഷയത്തില്‍ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ പരിധിയില്‍ വരും.

അതീവ രഹസ്യവിവരങ്ങള്‍ ചോരുന്നു

അതേസമയം വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിനയയ്ക്കുന്ന രഹസ്യവിവരങ്ങള്‍ ചോര്‍ന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു. മുഖ്യമന്ത്രിക്ക് മാത്രം കാണാന്‍ സാധിക്കുന്ന രഹസ്യ വിവരങ്ങളാണ് ചോര്‍ന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിലെ ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.

വിഷയത്തില്‍ അന്വേഷണം നടത്തുന്ന കസ്റ്റംസ് വിഭാഗം കാര്‍ഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവയില്ലെന്നാണ് മറുപടി ലഭിച്ചത്. ഇതേതുടര്‍ന്നാണ് അന്വേഷണം ഇതിലേക്കും നീണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്. യുഎപിഎ ആക്ട് അനുസരിച്ചുള്ള വകുപ്പകള്‍ ഉള്‍പ്പെടുത്തിയാകും എന്‍ഐഎ കേസ് അന്വേഷിക്കുക. യുഎപിഎ നിയമത്തിലെ 15, 16, 17, 18 എന്നീ വകുപ്പുകള്‍ പ്രകാരമായിരിക്കും അന്വേഷണം നടക്കുക.

ദേശസുരക്ഷയില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന സംഘടിത കള്ളക്കടത്തായി ഇതിനെ കാണുന്ന സാഹചര്യത്തിലാണ് അന്വേഷണം എന്‍ഐഎയെ ഏല്‍പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചിരുന്നു. നയതന്ത്ര മാര്‍ഗത്തിലൂടെയുള്ള കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണം സിബിഐ പോലുള്ള മറ്റ് കേന്ദ്ര ഏജന്‍സികളെ മാറ്റിനിര്‍ത്തി എന്‍ഐഎക്ക് വിട്ടത് ശ്രദ്ധേയമാണ്. ക്രിമിനല്‍, സാമ്പത്തിക കേസുകള്‍ സി.ബി.ഐക്ക് വിടുന്നതാണ് പൊതുവായ രീതി.

സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് വ്യക്തമായ പങ്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായ രവിപ്രകാശ് കോടതിയെ അറിയിച്ചു.

Most Popular