Wednesday, June 23, 2021
Home Newsfeed ദുബയില്‍ ലക്ഷം രൂപയ്ക്ക് വേണ്ടി തമ്മിലടി; മൂന്നു പ്രവാസികള്‍ കൊല്ലപ്പെട്ടു

ദുബയില്‍ ലക്ഷം രൂപയ്ക്ക് വേണ്ടി തമ്മിലടി; മൂന്നു പ്രവാസികള്‍ കൊല്ലപ്പെട്ടു

ദുബൈ: ഒരു ലക്ഷം രൂപയുടെ പേരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഏഷ്യക്കാര്‍ കൊല്ലപ്പെട്ടു. പ്രതികളെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു. നായിഫ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ താമസ സ്ഥലത്തായിരുന്നു സംഭവം.

5,000 ദിര്‍ഹ(ഏതാണ്ട് ഒരു ലക്ഷം രൂപ)ത്തിന്റെ പേരിലായിരുന്നു വാക്കുതര്‍ക്കം. ഇതു പിന്നീട് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലെത്തി. കത്തിയും വടിവാളും മരക്കഷണങ്ങളും ഉപയോഗിച്ച് 13 പേര്‍ മൃഗീയമായി തമ്മില്‍ തല്ലിയതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ 3 പേര്‍ മരിക്കുകയും ബാക്കിയുള്ള പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.

ദുബൈ പോലിസിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേയ്ക്കാണ് അടിപിടി സംബന്ധിച്ച വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടതു കുത്തേറ്റും അടിയേറ്റും മരിച്ചുകിടക്കുന്ന 3 പേരെയും ഗുരുതര പരുക്കേറ്റ 3 പേരെയുമാണ്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചവരും പരുക്കേറ്റവരുമുള്‍പ്പെടെ 13 പേര്‍ കേസില്‍ ഉള്‍പ്പെട്ടതായും ഏഴ് പേര്‍ സംഭവ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടതായും കണ്ടെത്തിയത്. 10 പേരെ സംബന്ധിച്ച വിവരങ്ങള്‍ പോലിസ് ശേഖരിച്ചു.

പൊലീസ് എത്തുന്നതിന് മുന്‍പേ പ്രതികള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടുവെങ്കിലും ഇവരെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രി.ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു.

പരിക്കേറ്റ 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റതായി പോലിസ് പറഞ്ഞു. അതേസമയം, മരിച്ചവര്‍, പരുക്കേറ്റവര്‍, പ്രതികള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ALSO WATCH

 

Most Popular