Sunday, July 25, 2021
Home Newsfeed താഷ്‌കന്റ് പ്രതീക്ഷയും മങ്ങുന്നു; 14 ദിവസത്തെ ക്വാറന്റീന്‍ ഇല്ലാതെ യുഎഇയിലേക്ക് പറക്കാന്‍ അനുവദിക്കുന്നില്ല

താഷ്‌കന്റ് പ്രതീക്ഷയും മങ്ങുന്നു; 14 ദിവസത്തെ ക്വാറന്റീന്‍ ഇല്ലാതെ യുഎഇയിലേക്ക് പറക്കാന്‍ അനുവദിക്കുന്നില്ല

ദുബൈ: നാട്ടില്‍ നിന്ന് ഉസ്ബകിസ്താനിലെ താഷ്‌കന്റ് വഴി രണ്ടുദിവസം കൊണ്ട് ദുബയിലേക്ക് പറക്കാമെന്ന പ്രതീക്ഷിയും അസ്തമിക്കുന്നു. 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം മാത്രമേ ദുബയിലേക്ക് പുറപ്പെടാന്‍ അനുമതി ലഭിക്കുന്നുള്ളൂവെന്ന് നിലവില്‍ ഉസ്‌ബെകിസ്താനില്‍ കഴിയുന്ന പ്രവാസികള്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ദുബൈ പുതിയ യാത്രാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ച ജൂണ്‍ 23ന് തൃശൂര്‍ സ്വദേശി റൈജു രവി, ഉസ്ബകിസ്താനില്‍ നിന്ന് 14 ദിവസത്തെ ക്വാറന്റീന്‍ ഇല്ലാതെ തന്നെ ദുബയില്‍ വിമാനമിറങ്ങിയിരുന്നു. ഇതോടെ, നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് പുതിയ പ്രോട്ടോക്കോളില്‍ താഷ്‌കെന്റ് വഴി രണ്ട് ദിവസം കൊണ്ട് ദുബയിലെത്താന്‍ വഴിയൊരുങ്ങുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയ റൈജു 14 ദിവസം താഷ്‌കെന്റില്‍ ഹോട്ടലില്‍ കഴിയേണ്ടി വരുന്ന പാക്കേജിലാണ് പുറപ്പെട്ടത് എങ്കിലും പുതിയ പ്രോട്ടോക്കോള്‍ പരീക്ഷിക്കാന്‍ തയാറാവുകയായിരുന്നു.

ഇത് വാര്‍ത്തയായതോടെ നിലവില്‍ താഷ്‌കന്റില്‍ കഴിയുന്ന പ്രവാസികള്‍ പലരും ഇത്തരത്തില്‍ ദുബയിലേക്ക് വരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. റാപ്പിഡ് ടെസ്റ്റിനും എക്‌സ്പ്രസ് ആന്റിജന്‍ ടെസ്റ്റിനും ഉസ്‌ബെകിസ്താന്‍ അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്ന് താഷ്‌കന്റിലുള്ളവര്‍ അറിയിക്കുന്നു. ജൂണ്‍ 23ന് റൈജുവിനെ പോലെ അപൂര്‍വം ചിലര്‍ക്ക് മാത്രമേ 15 ദിവസം ക്വാറന്റീന്‍ ഇല്ലാതെ ദുബയിലേക്ക് വരാന്‍ കഴിഞ്ഞിട്ടുള്ളു. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തത്തില്‍ ഈമാസം 28 മുതല്‍ താഷ്‌കന്റ് ഉള്‍പ്പെടെയുള്ള മേഖലയില്‍ ഉസ്ബകിസ്താന്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വാക്‌സിനെടുത്തവര്‍ക്ക് മടങ്ങാമെന്ന് ദുബൈ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്നത് യുഎഇ വ്യോമയാന മന്ത്രാലയം പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് താഷ്‌കന്റ് വഴിയുള്ള യാത്രയും മുടങ്ങിയതെന്നാണ് കരുതുന്നത്.
ALSO WATCH

 

Most Popular