Tuesday, July 27, 2021
Home Newsfeed വളഞ്ഞ വഴിയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുന്നതായി പരാതി

വളഞ്ഞ വഴിയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുന്നതായി പരാതി

കോഴിക്കോട്: യാത്രാ വിലക്ക് മറികടക്കാന്‍ വളഞ്ഞവഴി തിരഞ്ഞെടുക്കുന്ന പ്രവാസികള്‍ക്ക് വന്‍ ധനനഷ്ടമുണ്ടാവുന്നതായി റിപോര്‍ട്ട്. വിവിധ രാജ്യങ്ങള്‍ വഴി സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നവരാണ് പ്രയാസത്തിലാവുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ വഴിയും മറ്റും ഗള്‍ഫിലേക്ക് പോകുന്നവര്‍ക്കാണ് പണം നഷ്ടമാകുന്നത്. അര്‍മീനിയ, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വഴി സൗദിയിലേക്ക് പോകാന്‍ പണം നല്‍കിയവരും പ്രതിസന്ധിയിലായി. ഒന്നര ലക്ഷത്തോളം രൂപയാണ് ഈ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പോകാനായി പലരും നല്‍കിയത്. എന്നാല്‍ എത്യോപ്യയിലെ തിരഞ്ഞെടുപ്പും മറ്റു സഹചര്യങ്ങളും കാരണം അവിടേക്ക് വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തലാക്കി. ഇതോടെ നേരത്തെ പണം നല്‍കിയവരടക്കം വെട്ടിലായി. പ്രാഥമിക കാര്യങ്ങള്‍ക്ക് ചെലവാക്കിയ പണം തിരികെ ലഭിക്കുന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്നുമാണ് ട്രാവല്‍ അധികൃതരുടെ നിലപാട്.

ഓണ്‍ അറൈവല്‍ വിസ സംവിധാനം പൊടുന്നനെ നിര്‍ത്തിലാക്കിയതോടെ കേരളത്തിലെ പല വിമാനത്താവളങ്ങളില്‍ നിന്നും പലര്‍ക്കും മടങ്ങേണ്ടി വന്നിട്ടുണ്ട്. സൗദിക്ക് പുറമെ, യുഎഇയും ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് വരാനുള്ള അനുമതി അവസാനിപ്പിച്ചതോടെയാണ് പ്രവാസികള്‍ മറ്റു വഴികള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയത്. നിലവില്‍ അസര്‍ബൈജാന്‍ വഴിയാണ് ഭൂരിഭാഗം പ്രവാസികളും സൗദിയിലേക്ക് മടങ്ങുന്നത്. അസര്‍ബൈജാനിലും കോവിഡ് കൂടി വരുന്ന സഹചര്യത്തില്‍ ഈ വഴിയും ഏത് നിമിഷവും അവസാനിച്ചേക്കുമെന്ന ആശങ്കയുണ്ട്.

അര്‍മേനിയ വഴിയുള്ള യാത്രയ്ക്ക് ഒരുങ്ങിയവരുടെയും പണം ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ഈ രാജ്യങ്ങളിലേക്ക് ചുരുക്കം വിമാന സര്‍വീസുകള്‍ മാത്രമാണുള്ളത്. അതിനിടെ, സൗദി പ്രവാസികള്‍ മടങ്ങാന്‍ നേരത്തെ തെരഞ്ഞെടുത്തിരുന്ന മാലി ഈ മാസം പതിനഞ്ച് മുതല്‍ ടൂറിസം വിസ അനുവദിച്ചു തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മാലി ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്തിരുന്നു.
ALSO WATCH

Most Popular