തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്മാന് ജയ്ഘോഷിനെ കൈഞരമ്പ് മുറിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ അദ്ദേഹത്തെ വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ വെച്ചാണ് നാട്ടുകാര്‍ കണ്ടെത്തിയത്.
തുമ്പയിലുള്ള ഭാര്യ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് മുതലാണ് ഗണ്മാന് ജയ്ഘോഷിനെ കാണാതായത്. എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് കരിമണല്‍ സ്വദേശിയായ ജയ്ഘോഷ്. മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞതിനെതുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തെയും കുടുംബത്തെയും സഹോദരീഭര്‍ത്താവ് ഇടപെട്ട് കുടുംബവീടായ ആനയറയില്‍ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഫോണ്‍ വരുന്നുണ്ടെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. പിന്നീട് തിരികെ വന്നില്ല. ജയ്ഘോഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ജയ്ഘോഷിന്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും തോക്ക് തിരികെ നല്‍കാത്തതിനാലാണ് തിരിച്ചെടുത്തത്. സ്വര്‍ണം കടത്തിയ ദിവസം അടക്കം നിരവധി തവണ ജയഘോഷ് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെ വിളിച്ചെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കാന്‍ ശ്രമമുണ്ടെന്നും ഇദ്ദേഹം പറഞ്ഞതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.