ദുബൈ: ഫലസ്തീന് അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഏജന്‍സിക്ക് നല്കി വന്ന ഫണ്ടില്‍ കഴിഞ്ഞ വര്‍ഷം യുഎഇ വന്‍ കുറവ് വരുത്തി. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് യുഎഇ കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പിട്ടിരുന്നു.
യുഎന്‍ആര്‍ഡബ്ല്യുഎ മിഡില്‍ ഈസ്റ്റിലെ 5.7 ദശലക്ഷം ഫലസ്തീന് അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവശ്യമേഖലകളില്‍ സേവനം നല്‍കുന്നുണ്ട്. 1948ലെ യുദ്ധത്തിന് പിന്നാലെ ഇസ്രായേല്‍ പുറത്താക്കുകയോ പലായനം ചെയ്യുകയോ ചെയ്ത ഏഴ് ലക്ഷത്തോളം ഫലസ്തീനികളുടെ പിന്‍തലമുറയാണ് ഇതില്‍ ഭൂരിഭാഗവും. 2018ലും 2019ലും യുഎഇ യുഎന്‍ അഭയാര്‍ഥി സംഘടനയ്ക്ക് 51.8 ദശലക്ഷം ഡോളര്‍ നല്‍കിയിരുന്നു. എന്നാല്‍ 2020ല്‍ ഇത് വെറും ഒരു ദശലക്ഷം ഡോളറായി കുറച്ചുവെന്ന് ഏജന്‍സി വക്താവ് സമി മശാശ പറഞ്ഞു. 2021ല്‍ സഹായം പഴയ രീതിയിലേക്ക് പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.